കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും; നിര്‍മല സീതാരാമന് സ്ഥാനം നഷ്ടമായേക്കും, ധനമന്ത്രി സ്ഥാനത്തേക്ക് സാമ്പത്തിക വിദഗ്ധന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും. ലോക്ഡൗണില്‍ തകര്‍ന്ന രാജ്യത്തിന്റെ സാമ്പത്തികനില പുനര്‍ജീവിപ്പിക്കാന്‍ തക്ക കര്‍മകുശലനായ സാമ്പത്തിക വിദഗ്ധനെയാണ് ധനമന്തിയായി മോഡി ചുമതലപ്പെടുത്തുക. നിര്‍മല സീതാരാമന് സ്ഥാനം നഷ്ടമായേക്കും. ലോക്ഡൗണ്‍ കാലത്ത് 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ കൈയിലേക്ക് പണമെത്തുന്ന നയസമീപനമായിരുന്നില്ല അത്. ഇതാണ് നിര്‍മലാ സീതാരാമനെ നീക്കാന്‍ കാരണം. ബ്രിക്സ് ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്തിന്റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക് സജീവമായി കേള്‍ക്കുന്നത്. നന്ദന്‍ നിലേഖനി, മോഹന്‍ദാസ് പൈ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

നിര്‍മല സീതാരാമനെ ധനമന്ത്രിയാക്കണമെന്നത് അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്‍ദേശമായിരുന്നു. എന്നാല്‍, ലോക്ക്ഡൗണിന് പിന്നാലെ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള വന്‍ പദ്ധതിയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരത്തിനുള്ള നിരവധി നിര്‍ദേശങ്ങള്‍, നിയമഭേദഗതി എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. ഇത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനമായിരിക്കും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക.

തെക്കേ ഇന്ത്യയില്‍നിന്ന് മന്ത്രിമാരുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്. എഐഎഡിഎംകെക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും. ചില മന്ത്രിമാര്‍ക്ക് സ്ഥാനചലനം ഉണ്ടായേക്കാം. അവര്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കും. ബിഹാര്‍, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മാറ്റങ്ങളും പ്രതീക്ഷിക്കാം. ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രമന്ത്രിസ്ഥാനത്ത് എത്തുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →