കീവ്(ഉക്രെയ്ന്‍): തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാല്‍സംഗം, ചോദ്യംചെയ്യാന്‍ പിടിച്ച് യുവാവിന് ഭീകരമര്‍ദനം. പൊലീസ് യൂണിറ്റ് മുഴുവന്‍ പിരിച്ചുവിട്ട് ലോകത്തിന് മാതൃകകാട്ടി സര്‍ക്കാര്‍. രാജ്യതലസ്ഥാനമായ കീവിനു സമീപം കഗര്‍ലിക്കിലാണ് സംഭവം. ഒരു കേസില്‍ സാക്ഷിപറയാനെത്തിയ 26കാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗത്തിനിരയാക്കിയിരുന്നു. കൈയാമംവച്ച്, തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. ഭയപ്പെടുത്തുന്നതിനായി തലയ്ക്കു മുകളിലൂടെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. യുവതി പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ പീഡനത്തിനിരയായ വിവരം അധികൃതര്‍തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
കൂടാതെ ഇതേ സ്റ്റേഷനില്‍ മറ്റൊരു യുവാവും പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായിരുന്നു. ഗ്യാസ് മാസ്‌ക് ധരിപ്പിച്ചശേഷം ലാത്തികൊണ്ടുള്ള ക്രൂരമര്‍ദനത്തില്‍ ഇദ്ദേഹത്തിന്റെ മൂക്കും ഇടുപ്പെല്ലും തകര്‍ന്നിട്ടുണ്ട്. ഈ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍. പൊലീസ് യൂണിറ്റിനെ പിരിച്ചുവിടാനാണ് നാഷണല്‍ പൊലീസ് ചെയര്‍മാന്‍ ഇഗോര്‍ ക്ലിമെന്‍കോ തീരുമാനിച്ചിട്ടുള്ളതെന്ന് ഉക്രെയ്ന്‍ നാഷണല്‍ പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ സാധിക്കാത്തത് രാജ്യത്തെ നിയമവ്യവസ്ഥയുടെ പരാജയമാണെണെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.