അപകടത്തിൽ പരിക്കു പറ്റിയ പിതാവിനെയും പിന്നിലിരുത്തി സൈക്കിൾ ചവിട്ടി പതിനഞ്ചുകാരി 1200 കിലോമീറ്റർ സഞ്ചരിച്ച് സ്വന്തം ഗ്രാമത്തിലെത്തി.

ന്യൂഡല്‍ഹി: ചില സംഭവങ്ങള്‍ കെട്ടുകഥയേക്കാള്‍ അവിശ്വസനീയവും വിചിത്രമാണ്.പക്ഷേ സാഹചര്യം നിര്‍ബന്ധിച്ചാല്‍ അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്ന ശക്തി എല്ലാവരിലുമുണ്ട്. ഹരിയാനയിലെ ഗുരു ഗ്രാമത്തില്‍ നിന്നും ബീഹാറിലേക്ക് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഒരു 15 കാരി പെണ്‍കുട്ടി ബീഹാറിലെ സ്വന്തം ഗ്രാമത്തിലെത്തി.അവള്‍ക്കു മുന്‍പില്‍ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല.

ഗുരു ഗ്രാമത്തില്‍ ഇലക്ട്രിക് ഓട്ടോ വാടകയ്‌ക്കെടുത്ത ഓടിച്ച് ജീവിതം പുലര്‍ത്തി വന്നിരുന്ന മോഹന്‍ പാസ്വാന് മുന്‍പില്‍ ജീവിതം വഴി അടഞ്ഞത് ഒരു അപകടത്തെ തുടര്‍ന്ന് ആയിരുന്നു. നിത്യ ചെലവിന് ഒന്നുമില്ല. വാടക കൊടുക്കാന്‍ മാര്‍ഗ്ഗമില്ല. ചികിത്സയ്ക്ക് പണമില്ല. അതിനിടയില്‍ ലോക് ഡൗണും വന്നു. കെട്ടിട ഉടമ അന്ത്യശാസനം നല്‍കി. മോഹന്‍ പസ്വാന്റെ കൂടെ അപ്പോള്‍ ഉണ്ടായിരുന്നത് 15 വയസ്സുള്ള മകള്‍ ജ്യോതി കുമാരി മാത്രം. പസ്വാന്റെ മുമ്പില്‍ വഴികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ബിഹാറിലെ ദര്‍ഭംഗന ജില്ലയില്‍ സിരഹള്ളി ഗ്രാമത്തില്‍ എത്തണം. മാര്‍ഗ്ഗമില്ല. പണവുമില്ല. ഗ്രാമം വളരെ വളരെ ദൂരെയാണ്. 1200 കിലോമീറ്റര്‍. പക്ഷേ ജ്യോതി കുമാരി പതറിയില്ല. ഒരു പഴഞ്ചന്‍ സൈക്കിള്‍ ഉണ്ടായിരുന്നു അവര്‍ക്ക്. പിതാവിനെ പിന്നില്‍ കാരിയറില്‍ ഇരുത്തി യാത്രയാരംഭിച്ചു. രാത്രിയും പകലും സൈക്കിള്‍ ചവിട്ടി. ചൂടും ഇരുട്ടും വഴി തടഞ്ഞില്ല. അപകടത്തില്‍ പരിക്കു പറ്റിയ പസ്വാന് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ മക്കളുടെ കഷ്ടതയ്ക്കു മുന്‍പില്‍ അതൊന്നുമായിരുന്നില്ല. എങ്ങനെയും ഗ്രാമത്തിന്റെ അഭയത്തില്‍ എത്തുകയായിരുന്നു മനസ്സില്‍. ഭാര്യയും നാല് കുഞ്ഞുങ്ങളും അയാളെ കാത്ത് അവിടെ ഉണ്ടായിരുന്നു.

ഇനിയൊരിക്കലും ഗുരു ഗ്രാമത്തിലേക്ക് മടങ്ങി പോകുന്നില്ല എന്നാണ് പസ്വാനും ജ്യോതി കുമാരിയും തീരുമാനിച്ചിട്ടുള്ളത്. ഗ്രാമം മതി. പസ്വാന്‍ മകളെ സൈക്കിള്‍ യാത്രയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ വളരെ ശ്രമിച്ചതാണ്. ദിവസവും 10-12 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാലും എത്ര ദിവസം കൊണ്ടാണ് ഗ്രാമത്തില്‍ എത്തുക എന്ന ചിന്ത അലട്ടിയിരുന്നു. പക്ഷേ ജ്യോതികുമാരിക്ക് അതൊന്നും ഉണ്ടായിരുന്നില്ല. നടന്നും സൈക്കിളിലും വഴിനീളെ ധാരാളം പാവങ്ങള്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. കഴിച്ചും കഴിക്കാതെയും ഒക്കെയായിരുന്നു അവരും. ചിലയിടങ്ങളില്‍ നാട്ടുകാര്‍ കുടിക്കാന്‍ വെള്ളവും ചപ്പാത്തിയും കൊടുത്തു. മറ്റു ചിലയിടത്ത് ആട്ടിയോടിച്ചു. പലതായിരുന്നു വഴിനീളെ കിട്ടിയ സ്വീകരണം. 30 കിലോമീറ്റര്‍ ദിവസം പിന്നിടും. പകല്‍ കഴിഞ്ഞില്ലെങ്കില്‍ രാത്രിയും ചവിട്ടും. ഒടുവില്‍ മകള്‍ അച്ഛനെയും കൊണ്ട് ഗ്രാമത്തിലെത്തി.

ഒരു പരിഹാരവും മുന്‍പില്‍ ഇല്ല എന്ന് കരുതുന്നത് ശരിയല്ലെന്ന് 15വയസ്സുള്ള ഈ പെണ്‍കുട്ടി തെളിയിച്ചു. പരിഹാരങ്ങള്‍ ഇല്ലാതെ പകച്ചുനില്‍ക്കുന്ന നേരങ്ങളില്‍ ഓര്‍ക്കാന്‍ കൊള്ളാവുന്ന ഒരു പേരാണ് ജ്യോതി കുമാരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →