കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം ജോലിയും കൂലിയും ഇല്ലാതായതിനെ തുടര്‍ന്ന് വളപട്ടണത്തുനിന്ന് ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി യാത്രതിരിച്ച നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്തേക്കു മടക്കിയയച്ചു. ഭക്ഷണം ലഭിക്കുന്നില്ലെന്നും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുന്നുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നാട്ടിലേക്ക് പോകാന്‍ ഒരുമ്പെട്ടത്. ആര്‍പിഎഫ് തടഞ്ഞ ഇവരെ പോലീസും, റവന്യൂ വകുപ്പ് അധികൃതരും ചേര്‍ന്നാണ് മടക്കി അയച്ചത്. എല്ലാവരേയും നാട്ടിലെത്തിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പും നല്കി.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ട്രാക്കിലൂടെ കൂട്ടമായി നടന്നു വരുന്ന തൊഴിലാളികളെ ആര്‍പിഎഫ് കണ്ടത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസെത്തി താമസസ്ഥലത്തേക്ക് മടങ്ങണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. ക്യാംപുകളില്‍ ചുരുങ്ങിയ അളവിലുള്ള ഭക്ഷ്യധാന്യം മാത്രമാണു ലഭിച്ചതെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആരോപണം. തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കൂട്ടംകൂടിയതോടെ ചര്‍ച്ച നടത്താന്‍ റവന്യൂ, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി. ക്യാംപുകളില്‍ കൂടുതല്‍ ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ തൊഴിലാളികളെ ക്യാംപുകളിലേയ്ക്ക് മടക്കി അയച്ചു. മടങ്ങാന്‍ കൂട്ടാക്കാതെ മടിച്ചുനിന്നവരെ ബലംപ്രയോഗിച്ചാണ് ബസില്‍ കയറ്റിയത്.

