കാസര്‍കോട്: 20 കൊല്ലംമുമ്പു നഷ്ടപ്പെട്ട പൊന്നിനുപകരം അത്രയും തൂക്കത്തില്‍ മടക്കിയേല്‍പിച്ച് അജ്ഞാതന്‍. നോമ്പുസമയത്ത് പഴയ കടവീട്ടാന്‍ വന്ന തങ്കമനസുള്ള ആളെയൊന്നു നേരില്‍കാണാന്‍ ആറ്റുനോറ്റിരിക്കുകയാണ് കാസര്‍കോട് നെല്ലിക്കുന്നിലെ തൈവളപ്പില്‍ ഇബ്രാഹീമിന്റെ വീട്ടുകാര്‍.
കഴിഞ്ഞ് ദിവസം നോമ്പുതുറയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു വീട്ടുകാര്‍. ഹെല്‍മറ്റ് ധരിച്ച ഒരു അജ്ഞാതയുവാവ് ഇബ്രാഹീമിന്റെ ഭാര്യയുടെ കൈയിലേക്ക് നോമ്പുതുറയ്ക്കുള്ള നെയ്‌ച്ചോറും കറിയുമാണെന്നു പറഞ്ഞ് ഒരു പൊതി കൈമാറി. ഊരും പേരും ചോദിച്ചപ്പോള്‍ ‘ഇവിടെ തരണമെന്നുപറഞ്ഞ് ഒരാള്‍ തന്നയച്ചതാണെന്നും ആള്‍ അപ്പുറത്തുണ്ടെ’ന്നും മറുപടി നല്‍കി. അസ്വാഭാവികമായി ഒന്നും തോന്നാതിരുന്നതിനാല്‍ വീട്ടുകാര്‍ പാര്‍സല്‍ വാങ്ങിവച്ചു. തുടര്‍ന്ന് ഹെല്‍മറ്റ് ധാരി പോവുകയും ചെയ്തു.
പൊതി തുറന്നപ്പോള്‍ നെയ്‌ച്ചോറിനും കറിക്കുമൊപ്പം രണ്ട് സ്വര്‍ണനാണയങ്ങളും ഒപ്പം ഒരു ചെറു കുറിപ്പും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ’20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട നിന്റെ പൊന്ന് എനിക്കു കിട്ടിയിരുന്നു. ആ സമയം അതുതരാന്‍ എനിക്ക് സാധിച്ചില്ല. അതിന് പകരമായി ഈ പവന്‍ സ്വീകരിച്ച് എനിക്ക് പൊറുത്തുതരണമെന്ന് അപേക്ഷിക്കുന്നു’.
20 വര്‍ഷംമുമ്പ് ഒരു വിവാഹവീട്ടില്‍വച്ച് ഇബ്രാഹീമിന്റെ ഭാര്യയുടെ മൂന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒന്നര പവന്‍ തിരിച്ചുകിട്ടി. രണ്ട് പതിറ്റാണ്ട് കഴിഞ്ഞതോടെ ആ നഷ്ടത്തെക്കുറിച്ച് വീട്ടുകാര്‍പോലും മറന്നുപോയിരുന്നു. അന്ന് അത് കൊണ്ടുപോയ ആള്‍ കാലങ്ങള്‍ക്കിപ്പുറം ഒരു റമദാന്‍ നോമ്പുകാലത്ത് കുറ്റസമ്മതത്തോടെ അത്രയും സ്വര്‍ണം തിരിച്ചെത്തിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഗള്‍ഫിലുള്ള ഇബ്രാഹീമിനെ വിളിച്ച് വീട്ടുകാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ആ അജ്ഞാതന്‍ ആരായിരുന്നാലും തങ്ങള്‍ ക്ഷമിച്ചെന്നും നേരില്‍വന്നാല്‍ ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നുമാണ് ഇബ്രാഹീമിന്റെ വീട്ടുകാര്‍ പറയുന്നത്.

