പത്തനംതിട്ട: കൊടുമണ്ണില്‍ സഹപാഠിയെ കൊന്ന വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് ഉത്തരവ്. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി ചിറ്റൂര്‍ ആണ് ജാമ്യം അനുവദിച്ചത്. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് മിനി ദമ്പതികളുടെ മകന്‍ അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. കളികള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളായ കൂട്ടുകാര്‍ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഇവര്‍തന്നെ മറവുചെയ്തു.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനും തെളിവെടുക്കാനുമായി പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈല്‍ ബോര്‍ഡ് തള്ളിയിരുന്നു. ജുവനൈല്‍ ബോര്‍ഡിന്റ വിധിക്കെതിരേ പോലീസ് പത്തനംതിട്ട ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. 16 വയസുള്ള കുറ്റാരോപിതരെ നിര്‍ഭയ കേസ് മാതിരി മുതിര്‍ന്നവരെപ്പോലെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുമായിരുന്നു അപ്പീലില്‍ പോലീസിന്റെ ആവശ്യം.