മധുര: പെണ്കുഞ്ഞു പിറന്നാല്‍ അപ്പോള്‍തന്നെ നാവില്‍ വിഷപാലോ തൊണ്ടയിലേക്ക് നെല്‍മണിയോ നല്കി നിശ്ശബ്ദമാക്കുന്ന പതിവ് കഥകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. പെണ്‍ഭ്രൂണഹത്യകള്‍ക്കും ശിശുഹത്യകള്‍ക്കും ദുഷ്പേര് കേട്ട തെക്കന്‍ തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റിലായി. കുട്ടിയുടെ അച്ഛന് തവമണി, തവമണിയുടെ അമ്മ പാണ്ടിയമ്മാള്‍ എന്നിവരാണ് അറസ്റ്റിലായത്. നാലാമതും പെണ്‍കുഞ്ഞ് പിറന്നതിന്റെ അസംതൃപ്തിയാണ് കൊലപാതകത്തിനു കാരണമായത്. കുട്ടിയുടെ അമ്മ ഇല്ലാത്ത സമയംനോക്കി മുത്തശ്ശിയും അച്ഛനും കൊലപാതകം ആസൂത്രണംചെയ്തു നടപ്പാക്കുകയായിരുന്നു.
മധുര ജില്ലയിലെ ഷോളവന്തന് പഞ്ചായത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. കുഞ്ഞിന്റെ ഇളംനാവിലേക്ക് എരിക്കിന്പാല് ഇറ്റിച്ചുനല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വൈഗ നദിക്കരയില്‍ മറവുചെയ്തു. ശിശുവിന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തായത്. മധുര പോലീസ് ശിശുവിന്റെ മൃതദേഹം പുറത്തെടുക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്നു കണ്ടെത്തിയത്.
അന്വേഷണവുമായി സഹകരിച്ചുകൊള്ളാമെന്നും തങ്ങള്‍ നിരപരാധികളാണെന്നും അച്ഛനും മുത്തശിയും പൊലീസിനോടു പറഞ്ഞു. കുട്ടി ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നുവെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചിരുന്നുവെന്നും കുടുംബം മൊഴിനല്‍കി. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. കൊലപാതകക്കുറ്റം ചുമത്തി കുഞ്ഞിന്റെ അച്ഛനെയും മുത്തശിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.