കേരളത്തിൽ 29 പേർക്ക് കൂടി കോവിഡ്, ചികിത്സയിലുള്ളത് 130 പേർ

കേരളത്തിൽ തിങ്കളാഴ്ച 29 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 6 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തർ-1) 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-1) വന്നവരാണ്. കണ്ണൂർ ജില്ലയിലെ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

* തിങ്കളാഴ്ച ആരും രോഗമുക്തി നേടിയില്ല
* ഇതുവരെ രോഗമുക്തി നേടിയവർ 497
* പുതിയ ആറ് ഹോട്ട് സ്‌പോട്ടുകൾ കൂടി

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 3998 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയിൽവേ വഴി 1026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 65,564 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,789 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 67316 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ 473 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 45,905 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 44,681 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5154 സാമ്പിളുകൾ ശേഖരിച്ചതിൽ 5082 സാമ്പിളുകൾ നെഗറ്റീവ് ആയി.

പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 29 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കൊല്ലം കോവിഡ് 19 സ്ഥിതിവിവരം

കൊല്ലം ജില്ലയിൽ നിന്നുള്ള 6 പേർ ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2,709 സാമ്പിളുകളില്‍ 62 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2607 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 21230.
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന്‌ (മെയ് 18) വരെ 21,263 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന്‌ പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 229 പേര്‍ ഉള്‍പ്പടെ 1,632 പേരാണ് നിരീക്ഷണത്തിലുള്ളത്. 

പാലക്കാട് : ഇന്ന് തിങ്കളാഴ്ച (18/05/2020)

ഇന്ന് തിങ്കളാഴ്ച (18/05/2020) ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദുബായ്, അബുദാബി, മസ്‌കറ്റ്, മാലിദ്വീപ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും, കൊച്ചി തുറമുഖങ്ങളിലുമായി ഇന്നലെ (മെയ് 17) ജില്ലയിലെത്തിയത് 70 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 51 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ 7 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി 8 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 16 പേരില്‍ 13 പേരെ ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.  

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍നിന്നും വന്ന 20 പേരില്‍ 15 പേരെ കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലും അഞ്ചു പേരെ  ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ  ഹോസ്റ്റലിലുമാണ് ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി.

ബഹറിനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാല് പേരെ എറണാകുളത്ത് തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഐ.എന്‍.എസ് ജലാശ്വയില്‍ എത്തിയത് 34 പാലക്കാട് സ്വദേശികള്‍

മാലദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ഐ.എന്‍.എസ് ജലാശ്വയില്‍ 34 പാലക്കാട് സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 30 പേരെ കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന നാലു പേരുള്ള കുടുംബം വീട്ടില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 18) പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 315 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി 315 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 155 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 16 പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 22 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 5 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും  ഉള്‍പ്പെടെയാണിത്. ഇതിനു പുറമേ ജില്ലയില്‍ 160 പ്രവാസികളാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.

ആലപ്പുഴ ജില്ലക്കാരായ രണ്ടാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ :മെയ് 13 – ന് ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ   കുട്ടിയ്ക്ക് കോവി ഡ് സ്ഥിരീകരിച്ചു.  കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുട്ടിയാണ്. കേരളത്തിലെത്തിയതു മുതൽ ഹോം ക്വാറന്റൈനിലായിരുന്ന കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുവൈത്ത് – കോഴിക്കോട് ഫ്ലൈറ്റിൽ 13 – ന് എത്തിയ അമ്പലപ്പുഴ സ്വദേശിയായ ഗർഭിണിക്കും കോവി ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും  മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

കോട്ടയം: നിരീക്ഷണ കേന്ദ്രങ്ങളില്‍ 445 പേര്‍

കോട്ടയം ജില്ലക്കാരായ രണ്ടാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ 33 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലായി പൊതുസമ്പര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയുന്നത് 445 പേര്‍. ഇതില്‍ 320 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 125 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്‍ററിലാണ് ഏറ്റവുമധികം ആളുകള്‍ താമസിക്കുന്നത്. ഇവിടെയുള്ള 58 പേരില്‍ വിദേശത്തുനിന്നുള്ള 35പേരും മറ്റു സംസംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേരും ഉള്‍പ്പെടുന്നു. കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്‍റര്‍, ചൂണ്ടച്ചേരി  സെന്‍റ് അല്‍ഫോന്‍സ ഹോസ്റ്റല്‍, തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ എന്നിവയാണ് താമസക്കാര്‍ കൂടുതലുള്ള മറ്റു കേന്ദ്രങ്ങള്‍

കോട്ടയം-12, ചങ്ങനാശേരി-അഞ്ച്, മീനച്ചില്‍-നാല്, വൈക്കം-അഞ്ച്, കാഞ്ഞിരപ്പള്ളി-ഏഴ് എന്നിങ്ങനെയാണ് ക്വാറന്‍റയിന്‍ കേന്ദ്രങ്ങളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയണമെന്ന് നിര്‍ദേശമുള്ളതിനാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവരെ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്. 

വിദേശത്തുനിന്നും മെയ് ഏഴു മുതല്‍ 16 വരെ 17 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായി 283 പേരാണ് ജില്ലയിലെത്തിയത്. ഇതില്‍ 91 പേര്‍ ഗര്‍ഭിണികളാണ്. ഇവരും  പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ 144 പേര്‍ ഹോം ക്വാറന്‍റയിനിലാണ്. ബാക്കിയുള്ള 139 പേരില്‍ 14 പേര്‍ പ്രസവവുമായി ബന്ധപ്പെട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ആശുപത്രികളില്‍ കഴിയുന്നു.

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (18.05.20) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെയ് 14 ന് രോഗം സ്ഥിരീകരിച്ച 30 കാരി ഗര്‍ഭിണിയായ നരിപ്പറ്റ സ്വദേശിനിയുടെ രണ്ട് വയസ്സുള്ള ആണ്‍കുട്ടി, മെയ് 16 ന് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 37 വയസ്സുള്ള കാവിലുംപാറ തോട്ടില്‍പാലം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവപരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
മെയ് 8 ന് പുലര്‍ച്ചെ 2 മണിക്ക് ദുബായ്- കോഴിക്കോട് വിമാനത്തില്‍ മാതാവിനൊപ്പം കരിപ്പൂരില്‍ എത്തിയതായിരുന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ച കുട്ടി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. ഇരുവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35 ആയി. 24 പേര്‍ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടവരാണ്. നിലവില്‍  11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.

ഇന്ന് 80 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2887 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2788 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതില്‍ 2745 എണ്ണം നെഗറ്റീവ് ആണ്. 99 പേരുടെ ഫലം ലഭിക്കാനുണ്ട്.

പുതുതായി വന്ന 377 പേര്‍ ഉള്‍പ്പെടെ  5783 പേര്‍ നിരീക്ഷണത്തില്‍.  ജില്ലയില്‍ ഇതുവരെ 23,678 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 9 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളേജ്    ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 9 പേര്‍ ആശുപത്രി വിട്ടു.

ജില്ലയില്‍ ഇന്ന് വന്ന 44 പേര്‍ ഉള്‍പ്പെടെ ആകെ 488 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 201 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 287 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരില്‍ 69 പേര്‍ ഗര്‍ഭിണികളാണ്.  

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്      ലൈനിലൂടെ 4 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 160 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1157 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6585 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

രണ്ടു പേര്‍ക്ക്കൂടി പത്തനംതിട്ട ജില്ലയില്‍  കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(മേയ് 18) പുതിയതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ 39 വയസുകാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ 65 വയസുകാരനുമാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ നാലുപേരാണ് രോഗികളായുള്ളത്.  

പള്ളിക്കല്‍ സ്വദേശിയായ 39 കാരനാണ് സ്രവ പരിശോധനയില്‍ പോസിറ്റീവായത്. ഇദേഹം അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.  തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമന്‍. പത്തനംതിട്ട ശാന്തി ലോഡ്ജിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →