തിരുവനന്തപുരം കൊറോണ മഹാമാരിയില്‍ നിന്നും ഇതുവരെ പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പുതിയ ജീവിതരീതി സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. വൈറസിനോടൊപ്പം സാധാരണ ജീവിതം നയിക്കുന്നതിന് 12 ഇന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി വൈറസ്, ദീര്‍ഘകാലം നിലനില്‍ക്കുമെന്ന സൂചനകള്‍ക്കിടയില്‍, പുതിയ ജീവിത സമീപനവും മനുഷ്യത്വവും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്തി നാലാംഘട്ട ലോക്ക്ഡൗണ്‍ ഇന്നലെ രാത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശ്രീ വെങ്കയ്യനായിഡു ഫേസ്ബുക്കില്‍ തന്റെ ആശയങ്ങള്‍ അടങ്ങിയ ദീര്‍ഘമായ ലേഖനം പങ്ക് വച്ചത്. കോവിഡ് മഹാമാരി മുന്നോട്ട് വച്ച താത്വികവും ധാര്‍മ്മികവുമായ പല പ്രശ്‌നങ്ങളെയും ചൂണ്ടിക്കാട്ടുന്ന ലേഖനം ഇനി തുടര്‍ന്നുള്ള ജീവിത സമീപനത്തെ കുറിച്ചും പരാമര്‍ശിക്കുന്നു.
കൊറോണക്കാലത്തിനുശേഷം ഒരാള്‍ സ്വന്തമായി ജീവിക്കുക എന്ന അടിസ്ഥാന ജീവിതരീതിയില്‍ നിന്നുമാറി, പ്രകൃതിയോടും സഹജീവികളോടും ചേര്‍ന്ന് ജീവിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അടച്ചുപൂട്ടലില്‍ ജീവിതം ദീര്‍ഘനാള്‍ മുന്നോട്ടുകൊണ്ടുപോകാനാകാത്തതിനാല്‍, ഇന്നലെ പ്രഖ്യാപിച്ച ഇളവുകള്‍ അദ്ദേഹം സ്വാഗതം ചെയ്തു.
കൊറോണക്കാലത്തെ സാധാരണ ജീവിതത്തിന്, 12 നിര്‍ദേശങ്ങള്‍ ശ്രീ വെങ്കയ്യനായിഡു മുന്നോട്ട് വച്ചു. പ്രകൃതിയോടും സഹജീവികളോടും സഹവര്‍ത്തിത്വത്തില്‍ കഴിയുക, ജീവിതഭദ്രതയും സുരക്ഷിതത്വവും പരസ്പരബന്ധിതമാണെന്ന് തിരിച്ചറിയുക, നമ്മുടെ ഓരോ പ്രവൃത്തിയും യാത്രയും വൈറസ് വ്യാപനത്തിന് ഇടയാകുന്നുണ്ടോ എന്ന് ആലോചിക്കുക, സാഹചര്യത്തോട് ആവേശത്തോടെ ഉടനടി പ്രതികരിക്കാതെ, ശാസ്ത്രത്തില്‍ വിശ്വസിച്ച് ഈ മഹാമാരിക്ക് പരിഹാരമുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ ജീവിക്കുക, ഇതുവരെ സ്വീകരിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍, ഉദാ: മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, ശുചിത്വം ഉറപ്പാക്കല്‍ എന്നിവ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവുക, വൈറസ് വാഹകരെന്ന പേരില്‍ സഹജീവികളോടുള്ള അസഹിഷ്ണുതയും മുന്‍ധാരണയും ഒഴിവാക്കുക, നിസഹായത എന്ന വികാരത്തെ മാറ്റിവച്ച് പരസ്പര സഹകരണത്തോടെ പോരാടുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കൊറോണ രോഗത്തെ ദുരന്തമായി ചിത്രീകരിക്കുന്നതിനു പകരം വൈറസിനെപ്പറ്റി ആധികാരികവും ശാസ്ത്രീയവുമായ വിവരങ്ങള്‍ നല്‍കാനാണ് എല്ലാ വിഭാഗം മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടതെന്നും ശ്രീ വെങ്കയ്യനായിഡു ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1624879