ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ നിഷേധിച്ചും പിഴയിട്ടും നെല്‍കൃഷി നിയന്ത്രിക്കാനും നിരോധിക്കാനും സര്‍ക്കാരുകള്‍ മത്സരിച്ചു മന്നേറുകയാണ്്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നെല്‍കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്മാറുകയാണ്. മറ്റ് വിളകളെ അപേക്ഷിച്ച് കൂടിയ അളവില്‍ വെള്ളം വേണ്ടതിനാല്‍ നെല്‍കൃഷി നിരുത്സാഹപ്പെടുത്താന്‍ പഞ്ചാബിനും ഹരിയാനയ്ക്കും പിന്നാലെ തെലങ്കാനയും നിയമനിര്‍മാണം നടത്തിക്കഴിഞ്ഞു. ഏപ്രില്‍- മേയ് മാസങ്ങളില്‍ ഒരു കിലോ അരിയുണ്ടാക്കാന്‍ 4500 ലിറ്റര്‍ വെള്ളം വേണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, ജൂണ്‍ പകുതിയോടെ കൃഷിചെയ്താല്‍ 1500-2000 ലിറ്റര്‍ വെള്ളം മതിയാവുന്നതാണ്. മണ്‍സൂണ്‍ എത്തുന്നതിനാല്‍ ബാഷ്പീകരണ തോത് കുറയുന്നതാണ് ജലനഷ്ടം കുറയാനുള്ള കാരണം. ഇതാണ്് നെല്‍കൃഷിയില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നത്.
ഋതുബന്ധു എന്നുപേരിട്ട താങ്ങുവില പദ്ധതിപ്രകാരം നെല്‍കൃഷിയില്‍നിന്നു മാറുന്ന കര്‍ഷകര്‍ക്കുമാത്രമേ ഇനി സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുകയുള്ളൂ. ഇതോടെ, നെല്ലിന്റെ കാര്യത്തില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ഉത്പാദക- ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കൂടുതല്‍ പ്രശ്നത്തിലാവുകയാണ് നെല്‍കര്‍ഷകരുടെ ഭാവി. അരിക്ക് തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഭാവിയില്‍ ഇത് കനത്ത തിരിച്ചടിയാകും. രാജ്യത്തെ അരിയുത്പാദനത്തില്‍ മൂന്നിലൊന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നാണ്.
ഋതുബന്ധു എന്ന താങ്ങുവില പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് ഏക്കറിന് 5000 രൂപ സാമ്പത്തികസഹായം നല്‍കുന്നത് സര്‍ക്കാര്‍നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്കു മാത്രമെന്നാണ് തെലങ്കാനയിലെ കെ ചന്ദ്രശേഖരറാവു സര്‍ക്കാരിന്റെ പ്രഖ്യാപനം. 1970കളില്‍ പഞ്ചാബിലാണ് നെല്‍കൃഷിക്കെതിരേ രാജ്യത്ത് ആദ്യമായി ശബ്ദമുയരുന്നത്. 2009ല്‍ പഞ്ചാബ് ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്തി. ജലദൗര്‍ലഭ്യം പരിഗണിച്ച് നെല്‍കൃഷിയില്‍നിന്നു കര്‍ഷകരെ പിന്തിരിപ്പിക്കണമെന്നായിരുന്നു വിദഗ്ധോപദേശം. കര്‍ഷകര്‍ പരുത്തി, വന്‍പയര്‍ തുടങ്ങിയ വെള്ളം കുറച്ചുമാത്രം ഉപയോഗിക്കുന്ന കൃഷിയിലേക്കു മാറണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
ഭൗമോപരിതലത്തിലെ ജലം സംരക്ഷിക്കാന്‍ പാസാക്കിയ ഈ നിയമപ്രകാരം നെല്‍കൃഷിക്ക് പ്രത്യേക സമയവും നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് വേനല്‍ക്കാലത്ത് നെല്‍കൃഷി നിരോധിച്ചു. വൈകാതെ നെല്‍കൃഷിയെ നിയന്ത്രിക്കാനുള്ള അത്തരമൊരു നിയമം ഹരിയാനയും നിര്‍മിച്ചു. ഈ നിയമം അനുസരിച്ച് വളര്‍ന്ന നെല്‍കൃഷിപോലും നശിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമം ലംഘിക്കുന്നവരില്‍നിന്ന് ഹെക്റ്ററിന് മാസം 10,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. നെല്‍കൃഷിക്കെതിരേ നിയമം നിര്‍മിച്ചതിനൊപ്പം നാണ്യവിളകളിലേക്കു മാറാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പഞ്ചാബ്- ഹരിയാന സര്‍ക്കാരുകള്‍.

