ഷിക്കാഗോ: കൊടുക്കുന്ന കൈക്ക് കടിക്കുന്ന പട്ടിയെ വളര്‍ത്തല്‍ എന്നാണല്ലോ ചൊല്ല്. 52കാരി വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്നപ്പോള്‍ അതു സത്യമായി. വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുള്‍ഡോഗുകളില്‍ ഒന്നിന്റെ ആക്രമണത്തില്‍ 52കാരി ലിസ അര്‍സൊവിന്റെ അന്ത്യം വേദനയായി. 55 പൗണ്ടോളം ഭാരമുള്ള നായ കഴുത്തിനും ശരീരമാസകലവും കടിച്ചു പരുക്കേല്‍പിച്ചിരുന്നതായി ലേക്ക് കൗണ്ടി കൊറോണര്‍ ഡോ. ഹൊവാര്‍ഡ് കൂപ്പര്‍ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിലാണ് താമസിച്ചിരുന്ന വീട്ടില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അബോധാവസ്ഥയില്‍ ലിസ അര്‍സൊവിനെ കണ്ടെത്തിയത്. സംഭവസ്ഥലത്തു വച്ചുതന്നെ ഇവര്‍ മരണപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. നായയുടെ ആക്രമണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചശേഷമാണ് വിവരം മേയ് 14 ന് മാധ്യമങ്ങള്‍ക്കു നല്‍കിയത്.
ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട നായകള്‍ അക്രമാസക്തമാവുക സാധാരണമാണ്. ഇതിനുമുമ്പ് ലിസയുടെ ബോയ്ഫ്രണ്ടിനെ ഇത് ആക്രമിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കൗണ്ടി അനിമല്‍ കെയര്‍ ആന്റ് കണ്‍ട്രോളിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും കൗണ്ടി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇതിനെ വിട്ടുകിട്ടണമെന്ന് ലിസ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നായയെ ഇവരെ ഏല്‍പ്പിക്കുകയായിരുന്നു. നായ ആക്രമണ സ്വഭാവമുള്ളതാണോ എന്നു തീരുമാനിക്കുന്നത് അനിമല്‍ കണ്‍ട്രോള്‍ എജന്‍സിയാണ്. ശക്തമായ താടിയെല്ലും പല്ലുകളുമുള്ള കടിയന്‍ ഫ്രഞ്ച് ബുള്‍ഡോഗുകളുമായി ഇടപഴകുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് എജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്.

