രാജ്യം ചലിക്കാന്‍ ആരംഭിക്കുന്നു; ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകളേറെ

ഡല്‍ഹി: ലോക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ രാജ്യം മെല്ലെ ചലിക്കാന്‍ ആരംഭിക്കുന്നു. ലോക്ഡൗണിന്റെ നാലാംഘട്ടത്തില്‍ ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ ഏറെയുണ്ടാവും. നിയന്ത്രിതമായി പൊതുഗതാഗതം ആരംഭിക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി ലഭിക്കാനും ഇടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

ഹോട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കും. ഹോട്ടസ്പോട്ടില്‍നിന്ന് ഒഴിവാക്കിയ ഇടങ്ങളില്‍ നാലിലൊന്ന് വിമാന, ബസ് സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിതമായ തോതില്‍മാത്രം യാത്രക്കാരെ കയറ്റാന്‍ ടാക്സി, ഓട്ടോ സര്‍വീസുകളെയും അനുവദിച്ചേക്കും. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് അനുമതി നല്‍കും. ജില്ലയ്ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരിക്കും സര്‍വീസുകള്‍.

യാത്രാ പാസ് ഉള്ളവര്‍ക്കു മാത്രമായിരിക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതി. അടുത്തയാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും. ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു. അവശ്യ സാധനങ്ങളുള്‍പ്പെടെ എല്ലാത്തരം സാധനങ്ങള്‍ക്കും ഹോം ഡെലിവറി അനുവദിക്കും. വിവിധ സംസ്ഥാനങ്ങളിലായി 11.9 ലക്ഷം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. അവിടെ ലോക്ഡൗണ്‍ നീളാനാണ് സാധ്യത. ജില്ലവിട്ടുള്ള യാത്ര ഇവിടെ അനുവദിക്കില്ല. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഏതാനും വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ രോഗം സ്ഥിരീകരിക്കാത്ത ജില്ലകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ആന്ധ്രപദേശ്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടൂറിസംമേഖലയുടെ പുനരുജ്ജീവനം കണക്കിലെടുത്ത് മെട്രോ, ലോക്കല്‍ ട്രെയിന്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഹോട്ടലുകളൂം റെസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ തുടരണമെന്ന ആവശ്യം ഉന്നയിക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് കണക്കിലെടുത്താന് ഈ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →