സംസ്ഥാനത്ത് ഇന്ന്, വ്യാഴാഴ്ച്ച (14/05/2020) 26 പേര്‍ക്ക് കോവിഡ് രോഗബാധ; ഒരു പോലീസുകാരനും കൂടി രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാഴാഴ്ച്ച (14/05/2020), 26 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നെഗറ്റീവായത് മൂന്ന് പേര്‍ക്കാണ്. കാസര്‍കോഡ് -10, മലപ്പുറം 5, പാലക്കാട്, വയനാട്- 3 വീതം, കണ്ണൂര്‍ -2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്ന് രോഗബാധ. കൊല്ലം- രണ്ട് , കണ്ണൂര്‍- 1 എന്നിങ്ങനെയാണ് രോഗം നെഗറ്റീവായവരുടെ എണ്ണം. 14 പേരാണ് കേരളത്തിന് പുറത്ത് നിന്നും വന്നത്. ഇതിൽ ഏഴു പേർ വിദേശത്ത് (യു.എ.ഇ.-അഞ്ച്, സൗദി അറേബ്യ-ഒന്ന്, കുവൈറ്റ്-ഒന്ന്) നിന്നും വന്നതാണ്. നാലു പേർ മുംബൈയിൽ നിന്നും രണ്ടു പേർ ചെന്നൈയിൽ നിന്നും ഒരാൾ ബാഗ്ലൂരിൽ നിന്നും വന്നതാണ്.

11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലുള്ള ഏഴു പേർക്കും വയനാട് ജില്ലയിലുള്ള മൂന്നു പേർക്കും പാലക്കാട് ജില്ലയിലുള്ള ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിൽ രോഗം ബാധിച്ചയാൾ ബേക്കറി ഉടമസ്ഥനാണ്. സെന്റിനൽ സർവൈലൻസിലൂടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ രോഗം ബാധിച്ചവരിൽ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. വയനാട് ജില്ലയിൽ രോഗം ബാധിച്ച ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ്.

കേരളത്തിൽ ചികിത്സയിലായിരുന്ന മൂന്നു പേരുടെ പരിശോധനാഫലം വ്യാഴാഴ്ച നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടു പേരുടെയും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 64 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 492 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,910 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 36,362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 40,692 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 39,619 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4347 സാമ്പിളുകൾ ശേഖരിച്ചതിൽ 4249 സാമ്പിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. അതേസമയം 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 15 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →