ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയും കാറ്റും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റ് രൂപംകൊണ്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ ചുഴലിക്കാറ്റായി മാറുമെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഉംപണ്‍ എന്നാണ് ചുഴലിക്കാറ്റിനു പേരിട്ടിട്ടുള്ളത്. ഇത് ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറി കൂടുതല്‍ ശക്തിപ്രാപിക്കും.

അതേസമയം, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ലെന്നും അഭിപ്രായമുണ്ട്. എങ്കിലും ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ 17 വരെ കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. ഇതേതുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി മലപ്പുറം, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ശനിയാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കന്‍ ആന്‍ഡമാന്‍ കടലിലുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് വെള്ളിയാഴ്ചയോടെ ശക്തമാവും. ശനിയാഴ്ച വൈകീട്ടോടെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റാമായി മാറും. ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് തെക്കുകിഴക്ക് ദിശയിലും നീങ്ങും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40- 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുണ്ട്. ഈ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്നതില്‍നിന്ന് മല്‍സ്യബന്ധന തൊഴിലാളികള്‍ വിട്ടുനില്‍ക്കണം. 15, 16 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലും അന്തമാനിലെ കടലും പ്രക്ഷുബ്ധമാവാനുമിടയുണ്ട്. മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ ഉടന്‍ മടങ്ങണം. ഈ ന്യൂനമര്‍ദം കാലവര്‍ഷത്തിന്റെ വരവിന് അനുകൂലമാവുമെന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →