തിരുവനന്തപുരം: കെട്ടടങ്ങിയ കൊറോണ രോഗബാധ കേരളത്തില്‍ ശക്തിയോടെ തിരിച്ചുവരുമെന്നുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സ്ഥാനത്ത് കൂടുതല്‍പേര്‍ക്ക് രോഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും സമൂഹവ്യാപനത്തില്‍ കലാശിച്ചേക്കാമെന്നുമാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കുന്നത്. ഇപ്പോള്‍ ഗള്‍ഫില്‍നിന്നു വരുന്ന പ്രവാസികളിലാണ് രോഗസാധ്യത കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ സംസ്ഥാനത്ത് കൊറോണ മൂന്നാംഘട്ടത്തിലാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിയന്ത്രിത അളവില്‍ മാത്രമേ മലയാളികളെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. നിരീക്ഷണസംവിധാനം ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിലേക്ക് വരുന്നവരെല്ലാവരും പ്രതിരോധ നടപടികളുടെ ഭാഗമാവകണം. നടക്കാന്‍പോകുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം നടത്താന്‍. സാമൂഹിക അകലം പാലിക്കണം. പരീക്ഷാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍ അടക്കം നല്‍കണം. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ വീണ്ടും നല്‍കും.
കൊറോണക്കാലത്ത് ആള്‍ക്കൂട്ടം വേണ്ടെന്നുപറയുന്നത് ആരെയും ദ്രോഹിക്കാനല്ല. വാളയാറിലെ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടു. ഹോട്ട് സ്‌പോട്ടുകളില്‍നിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനുവേണ്ടിയാണ് പാസ് കര്‍ശനമാക്കിയത്. രോഗം സ്ഥിരീകരിച്ചയാളിന്റെ സമീപത്ത് ഉണ്ടായിരുന്നവര്‍ ആരായാലും നിരീക്ഷണത്തിലേക്ക് പോകേണ്ടിവരും. സമരക്കാരോ മാധ്യമപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ അവരും പോകേണ്ടിവരും. ആരെല്ലാമാണെന്ന് പരിശോധിച്ചശേഷം പറയാമെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു.

