തിരുവനന്തപുരം: ബസ് ചാര്‍ജ് താല്‍കാലികമായി വര്‍ധിപ്പിച്ച് സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കും. പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് ഉണ്ടാവും. യാത്രയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ വര്‍ധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍, സാമൂഹിക നിയന്ത്രണമുള്ള കാലംവരെ മാത്രമായിരിക്കും വര്‍ധന പ്രാബല്യത്തില്‍ ഉണ്ടാവുക.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 25 പേര്‍ക്കുമാത്രമേ ഒരു ബസില്‍ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധനയോടെ സര്‍വീസ് നടത്തിയാല്‍ നഷ്ടത്തിനിടയാക്കുമെന്ന് ബസുടമകളുടെ സംഘടനകളും അറിയിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് താല്‍ക്കാലിക വര്‍ധന വരുത്തിയിട്ടുള്ളത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബസ് സര്‍വിസിന് നിലവിലുള്ളതിലും ഇരട്ടിതുകയാവുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് നിരക്ക്. ഇത് പൊതുജനങ്ങളെ ബാധിക്കുകയില്ല. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ ഉദ്യോഗസ്ഥരെ ബസില്‍ പ്രവേശിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു.