കോട്ടയം: ഹോം നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞ സംഭവം സംശയകരമെന്നു പരാതി. കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്‌സ് സുമിയുടെ (37) മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും മരണംസംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതിനല്‍കി. ഭര്‍ത്താവുമായ പിരിഞ്ഞ സുമിക്ക് 14ഉം 12ഉം വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.
എറണാകുളത്തുള്ള ഒരു ഏജന്‍സിവഴിയാണ് സുമി ഹോം നഴ്‌സ് ജോലിക്കുപോയത്. മേയ് രണ്ടിന് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍ ഹൃദയാഘാതം മൂലം മരിച്ചതായി ഉദ്യോഗസ്ഥന്‍ മനോജ് കുര്യന്‍ എന്നയാള്‍ സഹോദരി സീമയെ വിളിച്ചറിയിക്കുകയായിരുന്നു. ആറാംതീയതി കാര്‍ഗോ വിമാനത്തില്‍ മൃതദേഹം അയക്കുമെന്നാണ് അറിയിച്ചിരുന്നത്. കുവൈത്തില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അയച്ചുതന്നു. ശ്വാസംമുട്ടിയുണ്ടായ ഹൃദയാഘാതം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, നാലാം തീയതി വിളിച്ച് കോവിഡ് മൂലമാണ് മരിച്ചതെന്നും മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. പരിശോധനാഫലമോ സുമിയുടെ കൈവശമുണ്ടായിരുന്ന പണമോ മറ്റ് വസ്തുക്കളോ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഹാവല്ലിയിലെ ഹോം കെയറില്‍ കഴിയവേ ഏപ്രില്‍ 28നാണ് സുമിയുമായി കുടുംബാംഗങ്ങള്‍ അവസാനമായി സംസാരിച്ചത്. അന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു. മൃതദേഹം ഫര്‍വാനിയ- ഡജീജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിവരമെന്നും സഹോദരന്‍ ജെ സന്തോഷ്‌കുമാര്‍ പരാതിയില്‍ പറയുന്നു.