റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. ബസ്തറിലെ ബിജാപുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചത്. മാവോവാദികളുടെ സ്വാധീനമേഖലയായ ബസ്തറിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫിന്റെ 170 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ മുന്ന യാദവാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.15ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നാണ് വിവരം.
ബിജാപൂര്‍ ജില്ലയിലെ മിര്‍തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഉറിപാല്‍ ഗ്രാമത്തിലെ വനമേഖലയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച രാജ്‌നന്ദ്ഗാവ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഡിവിഷണല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡ് പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

