ഡല്‍ഹി: നോമ്പ് തുറക്കാതെ രോഗിയുടെ അടുത്തേക്ക്, രോഗിക്ക് കൃത്രിമശ്വാസം നല്‍കുന്നതിനായി വൈറസ് പ്രതിരോധ കുപ്പായവും വേണ്ടെന്നുവച്ചു. കാശ്മീരി ഡോക്ടര്‍ മജീദ് വാര്‍ത്തകളില്‍ നിറയുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി എയിംസിലെ സീനിയല്‍ റസിഡന്റ് ഡോക്ടറായ ജമ്മു കാശ്മീരിലെ അനന്ത്നാഗ് സ്വദേശി സാഹിദ് അബ്ദുല്‍ മജീദാണ് സ്വന്തം ജീവന് പണയപ്പെടുത്തി രോഗിയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആംബുലന്‍സിനുള്ളിലായിരുന്നു സംഭവം.
അതീവഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് സന്ദര്‍ശിച്ചപ്പോള്‍ രോഗി ശ്വാസ്വോച്ഛാസം ചെയ്യാന്‍പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ചികിത്സാസമയം ഡോക്ടര്‍ സുരക്ഷാവസ്ത്രം ധരിച്ചിരുന്നതിനാല്‍ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഇത് ഊരിമാറ്റി. തുടര്‍ന്നാണ് രോഗിക്ക് കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയത്. ഇതേത്തുടര്‍ന്ന് ഡോക്ടറോട് 14 ദിവസത്തെ ക്വാറന്റൈന് ആണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നോമ്പ് തുറക്കാതെയാണ് ഇദ്ദേഹം ആശുപത്രിയിലേക്കു പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാര് പറഞ്ഞു.

