ബാങ്കുകളില്‍നിന്ന് 411 കോടി രൂപയുടെ സാമ്പത്തികതട്ടിപ്പു നടത്തി കമ്പനിയുടമകള്‍ രാജ്യംവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകളില്‍ വന്‍തുകയുടെ വായ്പതട്ടിപ്പു നടത്തിയ പ്രതികള്‍ രാജ്യംവിട്ടതായി പരാതി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍നിന്ന് 411 കോടി രൂപ വായ്പയെടുത്ത രാംദേവ് ഇന്റര്‍നാഷനല്‍ കമ്പനി ഉടമകളായ സംഗീത, നരേഷ് കുമാര്‍, സുരേഷ് കുമാര്‍ എന്നിവരാണ് രാജ്യംവിട്ടത്. എസ്ബിഐ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.

പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ബസ്മതി അരി കയറ്റുമതി ചെയ്തുവന്ന കമ്പനിയാണ് രാംദേവ് ഇന്റര്‍നാഷനല്‍. ഈ കമ്പനിയടെ കീഴില്‍ ഹരിയാനയിലെ കര്‍ണാലില്‍ മൂന്ന് അരിമില്ലുകളും എട്ട് അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. എസ്ബിഐയില്‍നിന്നു മാത്രം 173 കോടിയാണ് രാംദേവ് ഇന്റര്‍നാഷനല്‍ തട്ടിയെടുത്തത്. കനറാ ബാങ്ക്- 76.09 കോടി, യൂണിയന്‍ ബാങ്ക്- 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 51.31 കോടി, കോര്‍പറേഷന്‍ ബാങ്ക്- 36.91 കോടി, ഐഡിബിഐ 12.27 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളില്‍നിന്ന് എടുത്ത വായ്പത്തുക.

2016 ജനുവരിയോടെ വായ്പ കിട്ടാക്കടമായി മാറിയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ നാടുവിട്ടതായി തെളിഞ്ഞത്. നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 25ന് എസ്ബിഐ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതികള്‍ നാടുവിട്ടതായി കണ്ടെത്തി. ഒരു വര്‍ഷം മുമ്പുതന്നെ പ്രതികള്‍ നാടുവിട്ടതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടും പരാതിനല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സ്വത്തുക്കളിലേറെയും വില്‍പന നടത്തിയാണ് പ്രതികള്‍ മുങ്ങിയതെന്നും തെളിഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →