തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കും

തിരുവനന്തപുരം: കൊവിഡ് രോഗബാധമൂലം വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. വ്യവസായം, വാണിജ്യം, ധനകാര്യം, ആരോഗ്യം, പരമ്പരാഗത തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, ഐ ടി മേഖലകളെ സമന്വയിപ്പിച്ച് വിപുലമായ പാക്കേജാണ് തയ്യാറാവുന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഇതിന്റെ ഏകോപനച്ചുമതല.

ബാങ്കിങ്, ധനകാര്യ മേഖലയുടെ പിന്തുണയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും തേടും. മടങ്ങിയെത്തുന്നവരില്‍ മാനേജ്‌മെന്റ്, ഐ ടി, ആരോഗ്യ രംഗങ്ങളില്‍ പ്രവര്‍ത്തന പരിചയവും വൈദഗ്ധ്യവും തെളിയിച്ചവര്‍ ഒട്ടേറെയുണ്ടാവുമെന്നത് നിസ്തര്‍ക്കമാണ്. സ്‌കില്‍ഡ് തൊഴിലാളികളും വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നുണ്ട്. സംസ്ഥാനത്തിന് ഇവരെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള സംരംഭങ്ങളാണ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ കൊണ്ടുവരുന്നവരെ കൂടാതെ, പൊതുഗതാഗത സംവിധാനങ്ങള്‍ തുറക്കുമ്പോഴും ആയിരങ്ങള്‍നാട്ടില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച് നോര്‍ക്കയുടെ സൈറ്റില്‍ 4.60 ലക്ഷം പേര്‍ വിദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 66,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →