പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും ജീവനക്കാരുടെ അഴിഞ്ഞാട്ടം രണ്ട് യുവാക്കളെ മര്‍ദിച്ചവശരാക്കി

ആമ്പല്ലൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം. തിരക്കുവര്‍ധിച്ച് ഗതാഗതം സ്തംഭിച്ചപ്പോള്‍ ക്രോസ്ബാര്‍ നീക്കി വാഹനങ്ങള്‍ കടത്തിവിട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. ആലുവ സ്വദേശി റോബിന്‍ (24), കാലടി സ്വദേശി ജ്യോതിഷ്(23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

തലക്ക് സാരമായി പരിക്കേറ്റ റോബിന്‍

ഭക്ഷണവിതരണം കഴിഞ്ഞ് ടെംപോ ട്രാവലറില്‍ തൃശൂര്‍ ഭാഗത്തുനിന്നു വരുകയായിരുന്നു യുവാക്കള്‍. ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കിയശേഷം വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് മൂന്ന് ബൂത്തുകളിലെ ക്രോസ്ബാര്‍ നീക്കി വരിയില്‍ കിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. നാലാമത്തെ ബൂത്തിലേക്ക് നീങ്ങുന്നതിനിടെ ടോള്‍പ്ലാസ ജീവനക്കാര്‍ തടയുകയും വാക്കേറ്റമുണ്ടാവുകയും നാല് ജീവനക്കാരെത്തി റോബിനെയും ജ്യോതിഷിനെയും മര്‍ദിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ടോള്‍പ്ലാസ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പുതുക്കാട് പൊലീസ് രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇരുവിഭാഗവും പരാതി നല്‍കിയിട്ടുണ്ട്.

ലോക്ഡൗണിനെത്തുടര്‍ന്ന് ഈ ടോള്‍പ്ലാസ ആഴ്ചകളായി അടഞ്ഞുകിടക്കുകയായിരുന്നു. അടുത്ത ദിവസമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇവിടുത്തെ ജീവനക്കാരില്‍ കൂടുതല്‍ പേരും യാത്രക്കാരോട് മോശമായി പെരുമാറുന്നു എന്ന ആക്ഷേപം നേരത്തെതന്നെയുള്ളതാണ്. സ്വകാര്യവാഹന ഉടമകളോടും സ്ത്രീ യാത്രക്കാരോടും മോശമായ പെരുമാറ്റമാണ് ഇവരില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാത്രികാല ടോള്‍പിരിവിനായി ഒരുസംഘം ഗുണ്ടകളെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും പൊലീസിന്റെ അടിയന്തരശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →