ആദ്യ പ്രവാസി സംഘം മാലിയില്‍ നിന്ന് ഉടനെ പുറപ്പെടും

ഡല്‍ഹി: പ്രവാസികളുടെ ആദ്യസംഘം ഈയാഴ്ച മാലി ദ്വീപില്‍നിന്ന് കൊച്ചിയിലെത്തും. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെ കപ്പല്‍മാര്‍ഗം കൊണ്ടുവരാനുള്ള ആലോചനയാണു നടക്കുന്നത്. എത്തുന്നവര്‍ 14 ദിവസം കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണസമയത്തെ ചെലവുകള്‍ സ്വയം വഹിക്കണം. കപ്പല്‍യാത്രയുടെ പണം ഈടാക്കാന്‍ തത്കാലം ഉദ്ദേശമില്ല. നീരീക്ഷണ കാലയളവിനുശേഷം സ്വന്തം വാസസ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കേന്ദ്ര കേരള സര്‍ക്കാരുകള്‍ തീരുമാനമെടുക്കും.

കൊച്ചിയില്‍നിന്നുള്ള മടക്കയാത്രയുടെ ചെലവും പ്രവാസി സ്വയം വഹിക്കണം. മാലിയില്‍നിന്ന് കപ്പം കൊച്ചിയിലെത്താന്‍ 48 മണിക്കൂര്‍ വേണം. കാലവര്‍ഷത്തിനുമുമ്പുള്ള സമയമായതിനാല്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുണ്ട്. ഇക്കാര്യം പ്രവാസികളെ ഇമെയില്‍ മുഖാന്തിരം അറിയിക്കും. ഇതിനുശേഷം സമ്മതപത്രം ലഭിക്കുന്നവരെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുക.

മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ടൂറിസ്റ്റ് വിസയിലെത്തി കുടുങ്ങിപ്പോയവര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. വീട്ടില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ പരിഗണന ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് പട്ടിക തയ്യാറാക്കുക. മാലിയില്‍നിന്ന് പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി ചര്‍ച്ച നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →