കുമളി: ലോക് ഡൗണ്‍ ലംഘിച്ച് പച്ചക്കറി കച്ചവടം ചെയ്ത സംഭവം വാര്‍ഡ് മെംബറോടൊപ്പം ചോദ്യംചെയ്ത ജാഗ്രതാസമിതിയംഗമായ മാധ്യമപ്രവര്‍ത്തകനെതിരേ കേസ്. ഇടുക്കി കുമളി ആനവിലാസം ലിജുഭവന്‍ ലിനു ജോയിയാണ് കുമളി പോലിസില്‍നിന്ന് നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്ക് ഇ മെയിലായും പരാതി നല്‍കിയിട്ടുള്ളത്.
ഏപ്രില്‍ 28ന് ഇദ്ദേഹം മാധവന്‍കാനം ഭാഗത്തെ കിടപ്പുരോഗികള്‍ക്കുള്ള മരുന്നുകളുമായി പോവുകയായിരുന്നു. മേഖലയിലെ ആശാ പ്രവര്‍ത്തകയും വാര്‍ഡ് മെംബര്‍കൂടിയായ ബിന്ദു ജയകുമാറും ഒപ്പമുണ്ടായിരുന്നു. അപ്പോള്‍ ലോക് ഡൗണ്‍ ലംഘിച്ച് വണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്നതുകണ്ടു. ഇക്കാര്യം മുമ്പ് ജാഗ്രതാസമിതിയില്‍ ചര്‍ച്ചചെയ്യുകയും കുമളി എസ്‌ഐക്ക് പരാതി നല്‍കുകയും ചെയ്തിരുന്നതാണ്. പച്ചക്കറി വ്യാപാരം തടഞ്ഞപ്പോള്‍ മറ്റൊരു വാര്‍ഡ് മെംബറായ മാരിയമ്മ മാടസ്വാമിയുടെ നേതൃത്വത്തില്‍ നൂറോളം പേരെത്തി ഇവരെ വളഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ശ്രമിച്ച ലിനുവിന്റെ ക്യാമറയും തകര്‍ത്തു.
ഇക്കാര്യം പരാതിയായി കുമളി സിഐക്ക് നല്‍കിയിട്ട് നടപടി സ്വീകരിച്ചില്ലെന്നും തന്നെ പ്രതിയാക്കി കേസ് എടുത്തുവെന്നുമാണ് ലിനു പറയുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പോലീസിനെ സഹായിച്ച തനിക്ക് നീതി ലഭിച്ചില്ലെന്നും പൊന്തക്കോസ്ത് പാസ്റ്ററായി പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് സമൂഹത്തില്‍ വലിയ മാനഹാനിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

