എറണാകുളം: എറണാകുളത്ത് അരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ പൊലീസ് എന്ന വ്യാജേന എത്തി ഇരുവരെയും ആക്രമിച്ചശേഷം ലാപ്‌ടോപ്പും 8000 രൂപയും കവര്‍ന്നതായി പരാതി. അരൂര്‍ മാര്‍ക്കറ്റിനു സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി സുമന്‍, ഭാര്യ ബിന്ദിയ എന്നിവരാണ് രണ്ടംഗസംഘത്തിന്റെ അക്രമത്തിന് ഇരയായത്. ഏപ്രില്‍ 25ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. പൊലീസുകാരാണെന്ന് രണ്ടംഗസംഘം ദമ്പതികളോട് പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് കാണണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ അവര്‍ പോലീസ് വേഷത്തിലുള്ള കാര്‍ഡ് കാണിക്കുകയും വീടിനകത്തുകയറി അക്രമം നടത്തുകയുമായിരുന്നുവെന്ന് സുമന്‍ പറയുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ലാപടോപ്പുമാണ് സംഘം കവര്‍ന്നത്. അവരുടെ കൈവശം വിലങ്ങ് ഉണ്ടായിരുന്നുവെന്നും സുമന്‍ പറഞ്ഞു.
ഭയം നിമിത്തം സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടാനോ പ്രദേശവാസികളെ അറിയിക്കാനോ ആദ്യം തയ്യാറായില്ല. അരൂര്‍ പഞ്ചായത്ത് മെംബര്‍ മോളി ജസ്റ്റിനോട് വെള്ളിയാഴ്ചയാണ് ഇവര്‍ വിവരം പറഞ്ഞത്. മോളി ജസ്റ്റിന്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുത്തിയതോട് എന്‍സിസി കവലയ്ക്കു സമീപമുള്ള ചെമ്മിന്‍ പീലിങ് കമ്പനിയിലെ തൊഴിലാളിയാണ് സുമന്‍. ഇവര്‍ അരൂരിലെത്തിയിട്ട് ആറ് വര്‍ഷമായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

