ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ആന്ധ്രപ്രദേശിലെ തന്റെ വീട്ടിലേക്ക് നടന്നുപോയ യുവാവ് അവശനിലയിലായി മരിച്ചു. ബംഗളൂരുവില്‍ കൂലിത്തൊഴിലാളിയായ ഹരിപ്രസാദാണ് (26) മരിച്ചത്. ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതായി നാട്ടിലേക്ക് നടക്കുകയായിരുന്നു ഇദ്ദേഹം. 100 കിലോമീറ്ററോളം നടന്ന് സ്വന്തം ഗ്രാമത്തിലെത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹരിപ്രസാദിന്റെ മരണവിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിച്ചില്ല. കോവിഡ് രോഗബാധയാണ് മരണകാരണമെന്നായിരുന്നു അവരുടെ സംശയം. വിവരങ്ങള്‍ അറിഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍ ഹരിപ്രസാദില്‍നിന്ന് സാംപിള്‍ ശേഖരിക്കുകയും പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.