പ്രകൃതി, മനസ്, ആത്മാവ് – എല്ലാം തെളിഞ്ഞു.

വൈറസുകളോ മഹാമാരികളോ, പ്രളയമോ ആകട്ടെ എല്ലാം ഒരു വഴിയില്‍ കൂടി തളര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോതവണയും ആഘാതങ്ങള്‍ മനുഷ്യ സമൂഹത്തിന് നേരെ ആഞ്ഞടിക്കുമ്പോഴാണ് ബോധവാന്മാരാക്കുന്നത്. നമ്മള്‍ ആരും അല്ല ജാതിയില്ല മതമില്ല ഭാഷകളില്ല രാജ്യങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല, നമ്മള്‍ നിസ്സഹായര്‍ ആവുന്ന ഒരു കാലമാണ.് എത്രയോ ദുരന്തങ്ങള്‍ നേരിട്ടുകഴിഞ്ഞു. കേരളത്തില്‍ തന്നെ ഒരുപാട് വന്നുകഴിഞ്ഞു. ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗത്തും പലരീതിയിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നു. പക്ഷേ കൊറോണ അതിഭീകരമാണ് എന്ന് തന്നെ പറയാം.

ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അത് താണ്ഡവം നടത്തിക്കൊണ്ടിരിക്കുന്നു. മരണ സംഖ്യ തന്നെ സങ്കല്‍പ്പിക്കുന്നതിനും അപ്പുറത്താണ്. പത്രങ്ങളിലും മാധ്യമങ്ങളിലും അറിയുന്നതിനും അപ്പുറത്തായിരിക്കും ചില രാജ്യങ്ങളില്‍ സംഭവിക്കുന്നത്. ചൈന കൊറിയ അങ്ങനെയുള്ള പലരാജ്യങ്ങള്‍ മരണനിരക്ക് രഹസ്യമായി വെക്കുന്നുണ്ട്. ചിലപ്പോള്‍ ഒന്നും രണ്ടു ലക്ഷം പേര്‍ മരിച്ചിരിക്കാം. ഇത്ര രഹസ്യമായി കാര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങളുണ്ട്. ഇത്തരം ദുരന്തങ്ങള്‍ സാമ്പത്തിക അടിത്തറയില്‍ എല്ലാം രീതിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ ഇതിനൊരു മറുവശമുണ്ട്.

മനുഷ്യര്‍ തമ്മിലുള്ള ജാതി-മത ഭേദ ചിന്തകള്‍ക്കൊക്കെ അതീതമായിട്ട് ഉള്ള ഒരു ഒരുമ ഉണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വളരെയധികം കുറയുന്നുണ്ട്. പരസ്പരം സഹായങ്ങള്‍ മരുന്നുകളിലൂടെ, ടെക്‌നോളജികളിലൂടെ, ആതുര സേവനങ്ങളിലൂടെ സംഗീതത്തിലൂടെ എല്ലാം മനുഷ്യരാശിയുടെ നന്മയ്ക്കായി വരുന്നുണ്ട്. മറ്റൊരു കാര്യം പ്രകൃതിയുടെ ഒരു ഉത്തേജനമാണ്. നമ്മള്‍ കാണുന്ന ഈ പ്രപഞ്ചം, ഇപ്പോള്‍ ശ്വാസോച്ഛ്വാസം നടത്തുകയാണ്. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ല, പുകക്കുഴലുകളില്‍ നിന്ന് പുക വമിക്കുന്നില്ല, മാലിന്യങ്ങളൊന്നും തന്നെ വരുന്നില്ല. നദികളും പുഴകളും എല്ലാം അടിത്തട്ടുവരെ കാണാം. മറ്റു ജീവജാലങ്ങളും സന്തുഷ്ടരായി ഓടിക്കളിക്കുന്നു. അന്തരീക്ഷം സ്വച്ഛമായി. ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും നോക്കിയാല്‍ ഹിമാലയന്‍ സാനുക്കള്‍ വരെ കാണാം. യമുനയും ഗംഗയും മാലിന്യമുക്തമായി കഴിഞ്ഞു. കലങ്ങിയും ചുമന്നും കിടന്നിരുന്ന വെള്ളം സ്ഫടികതുല്യമായി കഴിഞ്ഞു. പ്രകൃതി ആവട്ടെ പൂത്തു തളിര്‍ക്കുകയാണ്. കൊറോണ കാലത്തുണ്ടായ ലോക്ഡൗണ്‍ കൊണ്ട് ഏറ്റവും നല്ല ഗുണമുണ്ടായത് പ്രകൃതിയുടെ അതിജീവനം തന്നെയാണ്. കാലം തെറ്റി പെയ്യുന്ന മഴയും, മഞ്ഞും, വേനലിന്റെ കാഠിന്യവും കുറയും. ശാന്തമായി പഴയ രീതിയിലേക്ക് വരും. പ്രകൃതി നന്നായിട്ട് മാറുന്നുണ്ട് അത് വലിയൊരു കാര്യം തന്നെ.

ലോക് ഡൗണ്‍ ആയ കാരണം കൊണ്ട് കുടുംബത്തിലെ എല്ലാവരും അകത്തളങ്ങളിലേക്ക് ഒതുങ്ങുകയാണ്. തമ്മിലുള്ള ആത്മബന്ധങ്ങള്‍ വളരുന്നു. എല്ലാവരുമായി സമയം ചെലവഴിക്കാന്‍ പറ്റുന്നു. നല്ല ആരോഗ്യകരമായചര്‍ച്ചകള്‍ നടക്കുന്നു. പാട്ട്, സംഗീതം, കഥകള്‍, ക്രിയേറ്റിവിറ്റി എന്നിവയുണ്ടാകുന്നു. എല്ലാത്തിനും സമയമുണ്ട്. നല്ല ഗാര്‍ഹിക അന്തരീക്ഷം, ബന്ധങ്ങളുടെ വില, പരസ്പരമുള്ള ഐക്യം ഇതെല്ലാം തിരികെ വന്നു. നമ്മള്‍ ഒരു പാഠം പഠിച്ചു. പ്രകൃതിയുടെ ഉത്തേജനവും പ്രസരിപ്പും കണ്ടുകഴിഞ്ഞു. പ്രകൃതിക്ക് ഇത് വലിയൊരു ആശ്വാസമാണ്. വര്‍ഷത്തിലൊരിക്കല്‍ യുണൈറ്റഡ് നേഷന്‍സും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ചേര്‍ന്ന് എല്ലാ രാജ്യങ്ങളിലും കുറഞ്ഞത് 15 ദിവസം എങ്കിലും ലോക് ഡൗണ്‍ പ്രഖ്യാപിക്കണം. 15 ദിവസത്തേക്ക് ഉള്ളതെല്ലാം നേരത്തെ തന്നെ കരുതിവച്ച്. എല്ലാവര്‍ഷവും മുന്‍കൂട്ടി പ്രഖ്യാപിച്ച ദിവസങ്ങളില്‍ ഒരു ലോക്ക് ഡൌണ്‍. ഒരുമിച്ച് കുടുംബത്തില്‍ കഴിയാം. ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. 15 ദിവസം പ്രകൃതിക്ക് ആശ്വാസം കിട്ടും. മലിനീകരണങ്ങള്‍ കുറയും. നമ്മുടെ ജീവിതം വീടിനകത്തേക്ക് ഒതുക്കി പ്രകൃതിയെ രക്ഷിക്കുക.

മിക്ക വീടുകളും കൂടുതല്‍ ഈശ്വരചിന്തയിലേക്ക്, തത്വശാസ്ത്രപരമായ ചിന്തയിലേക്ക് മാറാന്‍ തുടങ്ങിയെന്നതാണ്. ഭക്തിയല്ല ഭക്തിക്ക് അപ്പുറം ചിലതൊക്കെ ഉണ്ട്. ജ്ഞാനത്തിന്റെ വഴിയും കൂട്ടിചേര്‍ത്തുള്ള ചില ചിന്തകള്‍ ഉടലെടുത്തിട്ടുണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കുക. ബൈബിളും ഖുര്‍ആനും മാത്രമല്ല ഹിന്ദു പുരാണങ്ങള്‍,ഉപനിഷത്തുകള്‍, വേദങ്ങള്‍, നാരായണീയം, മഹാഭാരതം, ഭാഗവതം ഇതൊക്കെ വായിക്കുക.രാവിലെയും സന്ധ്യക്കും അമ്പലങ്ങളില്‍ പോകാന്‍ പറ്റുന്നില്ലല്ലോ. അതുകൊണ്ട് അവനവന്റെ വീടുകളില്‍ തന്നെ ഈശ്വരനുമായിട്ടുള്ള സങ്കലനത്തിന് വേദി ഒരുക്കിയിട്ടുണ്ട്. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ വൈകുന്നേരങ്ങളില്‍ പാടുക, നാമം ജപിക്കുക അല്ലെങ്കില്‍ ഒരുമിച്ചിരുന്ന് പാരായണങ്ങള്‍ ചെയ്യുക. യഥാര്‍ത്ഥ തത്വങ്ങള്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ ഓരോ മതത്തില്‍ ഉള്ളവരും തയ്യാറാകുന്നു. നല്ലതൊക്കെ സ്വീകരിക്കുവാന്‍ പറ്റുന്ന സമയം ആണിത്. ഋഷി വര്യന്മാരും ഗുരുക്കന്മാരും പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങള്‍ പരിശീലിക്കാനുള്ള സമയം.

മദ്യത്തോടുള്ള ആസക്തിക്ക് മാറ്റം വന്നു. ഗവണ്‍മെന്റിന്റെ വരുമാന സ്രോതസ്സാണ് മദ്യം. മദ്യം കഴിക്കുന്നവര്‍ മദ്യം കിട്ടാതെ വന്നാല്‍ മരിച്ചു വീഴുമെന്ന് ആദ്യമെല്ലാം കൊട്ടിഘോഷിച്ചു. അവര്‍ ഭ്രാന്ത് എടുത്തു ആത്മഹത്യ ചെയ്യും. രണ്ടോ മൂന്നോ കേസുകളുണ്ടായി. പക്ഷേ മദ്യം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരുപാട് പേര്‍ മദ്യം ഇല്ലാതെ സന്തോഷം ആയി കഴിയുന്നുണ്ട്. പ്രശ്‌നങ്ങളൊക്കെ തീര്‍ന്നു വീണ്ടും പഴയതുപോലെ ആകുമ്പോള്‍ പിന്നെയും സജീവമാകുമെന്ന് നമുക്കറിയാം പക്ഷേ, കുറെ നാളത്തേക്ക് എങ്കിലും മദ്യം ഇല്ലാതെ ജീവിക്കാന്‍ പറ്റും എന്ന മദ്യം കഴിക്കുന്നവര്‍ക്ക് തന്നെ തോന്നിയിട്ടുണ്ട്. പ്രകൃതിയില്‍ കിളികളും പൂക്കളും മരങ്ങളും ചെടികളും പുഴകളും കടലുകളും ഒക്കെ തന്നെ സൂര്യനും ചന്ദ്രനും എല്ലാവരുംതന്നെ ആശ്വസിക്കുകയാണ് ചെയ്യുന്നത്. പുക വിഷം അങ്ങോട്ട് ചെല്ലുന്നില്ലല്ലോ എന്ന്. അതുപോലെതന്നെ മനുഷ്യന്റെ അകത്തുള്ള അവയവങ്ങള്‍ക്കും പേടിയുണ്ട്. ലിവറിന് ആണെങ്കിലും കുടലിന് ആണെങ്കിലും കുറച്ച് ആശ്വാസം കിട്ടും. കുറേ പേരുടെ കുടുംബത്തിന് ആശ്വാസം കിട്ടി. ഉപവാസം എടുക്കുന്നത് പോലെയാണ് ഇത്.

പ്രകൃതിയെ സ്‌നേഹിക്കുക. പ്രകൃതി ആണ് അമ്മ. പ്രകൃതി ഇല്ലെങ്കില്‍ നമ്മളും ഇല്ല. നമ്മുടെ നല്ല ശീലങ്ങള്‍ ഒക്കെ വളര്‍ത്തിയെടുക്കുക. ചിന്തകളൊക്കെ ശുദ്ധമാക്കുക, മരണം എന്നുള്ള സത്യം എന്നും ഉണ്ട് അതാണ് യഥാര്‍ത്ഥ സത്യം എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ഇങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അതെല്ലാം സ്വയം തിരിച്ചറിയുക, നമ്മളെ തന്നെ തിരിച്ചറിയുക. ഉള്ളിലുള്ള ആത്മീയമായ ശക്തിയെ തിരിച്ചറിയുക, ‘അഹം ബ്രഹ്മാസ്മി’ ‘തത്വമസി’ എന്നുള്ള പൊരുള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. മനുഷ്യരാശിയുടെ തന്നെ കാര്യമാണ് പറയുന്നത്. ഉള്ളിലാണ് ഈശ്വരന്‍ ഇരിക്കുന്നത്. ഈശ്വരീയതയെ അറിയാന്‍ ശ്രമിക്കുക. എന്നിട്ട് പ്രകൃതിയെയും ലോകത്തേയും നോക്കി കാണുക. എന്നിട്ട് പ്രവര്‍ത്തിക്കുക അത്രയുമേ പറ്റുകയുള്ളൂ.

രാജാരവിവര്‍മയുടെ പിന്‍ഗാമിയും രാജാരവിവര്‍മ പാലസ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ രാമവര്‍മ. സംഗീതജ്ഞനും ഗായകനും സംഗീത സംവിധായകനുമാണ്. ഫോണ്‍: 9447379524

Share
അഭിപ്രായം എഴുതാം