തൃശ്ശൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മെയ് ഒന്നാം തീയതി വൈകിട്ട് ആറുമണിക്ക് ആലുവയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യത്തെ ട്രെയിൻ ഒഡീഷയിലേക്ക് പുറപ്പെട്ടു. നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്ന ഈ ട്രെയിനിൽ 1148 തൊഴിലാളികൾ ഉണ്ട് .നാളെ രണ്ട് ട്രെയിനുകൾ കൂടി പുറപ്പെടും.
1148 പേരാണ് ആദ്യത്തെ ട്രെയിനിൽ കേരളത്തിൽ നിന്നും ഭുവനേശ്വരിലേക്ക് പുറപ്പെട്ടത്. 38 മണിക്കൂർ സമയമാണ് യാത്ര. ഇതിനിടയിൽ ഒരു സ്റ്റോപ്പിലും വണ്ടി നിർത്തിയില്ല. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്ന്, ഭക്ഷണം, വെള്ളം എന്നിവയെല്ലാം ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ഒരു ബോഗിയിൽ 60 പേരാണ് യാത്ര ചെയ്യുന്നത്. സിആർപിഎഫിന്റേയും റെയിൽവേ പോലീസിന്റേയും സംഘം ട്രെയിനിൽ ഉണ്ട്. നാളെ ( 2-06.2020) രണ്ടു ട്രെയിൻ കൂടി കേരളത്തിൽനിന്ന് പുറപ്പെടുന്നുണ്ട്.
ഇന്ന് കൂടുതൽ പേർ റയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരെ മടക്കിയയച്ചു. പോലീസ് അകമ്പടിയോടു കൂടിയാണ് തൊഴിലാളി ക്യാമ്പുകളിൽ നിന്നും ആളുകളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
ഒഡിഷ സർക്കാരിൻറെ അനുമതി ലഭിച്ചതിനു ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. തൊഴിലാളികൾ സ്വന്തം ചെലവിലാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇവർക്കുള്ള ഭക്ഷണം സംസ്ഥാന സർക്കാരിൻറെ ചിലവിൽ നൽകും. ട്രെയിൻ പുറപ്പെടുന്നതോടെ സംരക്ഷണച്ചുമതല റെയിൽവേയുടെതാണ്. ഭുവനേശ്വർ എത്തിയാൽ തൊഴിലാളികളെ സംസ്ഥാനസർക്കാർ ക്വാറന്റൈനിലാക്കും.
ലോക്ഡൗൺ കാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു അന്യസംസ്ഥാന തൊഴിലാളികളുടെ അതൃപ്തികൾ . ഭക്ഷണം ഇല്ല, വെള്ളമില്ല, താമസസൗകര്യം മോശമാണ്, ഇങ്ങനെ പരാതികൾ നിരവധിയായിരുന്നു. അതിനെല്ലാം പിന്നിൽ നാട്ടിലെത്താൻ പറ്റാത്ത ആകുലതകൾ ആയിരുന്നു കാരണം. ഉത്തർപ്രദേശ് സർക്കാർ ബസ്സുകളിൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ള നാട്ടുകാരെ മടക്കി കൊണ്ടുവരുവാൻ നടപടി സ്വീകരിച്ചതോടെ ഇവിടെയുള്ള ഉത്തർപ്രദേശുകാരും പ്രശ്നമുണ്ടാക്കി തുടങ്ങിയിരുന്നു. ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു തുടങ്ങിയതോടെ ക്യാമ്പുകളിൽ ആശ്വാസം എത്തി. നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കാത്തിരിക്കുകയാണ് മിക്കവരും.