ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവുവരുന്നത്. 162.50 രൂപയാണ് ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. പാചകവാതക വിലയില്‍ വലിയ രീതിയില്‍ താഴ്ച വന്നിരിക്കുന്നത് രണ്ട് മാസത്തിനിടയിലാണ്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് കാരണം.
14.2 കിലോ ഭാരമുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറയും. ഡല്‍ഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെ. മുംബൈയില്‍ 579 രൂപ, കൊല്‍ക്കത്തയില്‍ 584.50 രൂപ, ചെന്നൈയില്‍ 569.50 രൂപ. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ മാറ്റംവരുന്നതാണ്. ഏകദേശം ഒന്നര കോടി ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എല്ലാ മാസവും ആദ്യദിവസമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ഓയില്‍ കമ്പനികള്‍ക്കാണ് വില നിശ്ചയിക്കാനുള്ള അനുവാദം.

