കൂടിയ ജനസാന്ദ്രത, കൂടുതലായുള്ള യാത്രകള്‍, ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തിയ മാറ്റങ്ങള്‍, ജീവജാലങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഈ വൈറസ് വ്യാപനത്തിന് കാരണമാണ്. മാത്രമല്ല, മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നത് ഒരു വലിയ ഭീഷണിയാണ് നമുക്ക് മുന്നില്‍ ഉയര്‍ത്തുക. മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ആയ സൂക്ഷ്മാണുക്കള്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ കൂടുതലായി രോഗങ്ങള്‍ പടരാന്‍ കാരണമാവുന്നു.
ഒരു പുതിയ പഠനം തരുന്ന മുന്നറിയിപ്പ്, ആഗോളതാപനം മൂലം ഉരുകിക്കൊണ്ടിരിക്കുന്ന മഞ്ഞുപാളികള്‍ പുതിയ വൈറസുകളുടെ കലവറയാണെന്നാണ്. മഞ്ഞുപാളികള്‍ ഉരുകുമ്പോള്‍ ഇതില്‍ കുറച്ചു വൈറസുകള്‍ എങ്കിലും പുറത്ത് വന്ന്‍ സജീവമാക്കപ്പെടാനും നമ്മളിലേക്ക് എത്തിപ്പെടാനും സാധ്യതയുണ്ട്. വർഷത്തില്‍ കുറഞ്ഞത് രണ്ട് പുതിയ വൈറസുകളെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നു. ഇതെല്ലാം തന്നെ പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ അനധികൃത കയ്യേറ്റത്തിന്‍റെ ഫലമായി രൂപമെടുത്തവയാണ്. അത്തരം വൈറസുകൾ എപ്പോൾ വേണമെങ്കിലും പകർച്ചവ്യാധികളായി രൂപപ്പെട്ടേക്കാം.
കോവിഡ് -19 ന്‍റെ ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്ന വുഹാനിലെ വെറ്റ്മാർക്കറ്റിൽ കുറുക്കൻ, എലികൾ, അണ്ണാൻ, ചെന്നായ്‌ക്കുട്ടികൾ, സലാമാണ്ടറുകൾ എന്നിവ ഉൾപ്പെടെ നിരവധി വന്യമൃഗങ്ങൾ വില്ക്കപ്പെടിരുന്നു. വനത്തില്‍ അതിക്രമിച്ച് കയറി, വന്യജീവികളെ വേട്ടയാടി ജീവനോടെ പിടിച്ച്, ഇടുങ്ങിയ കൂട്ടിലടച്ച്, നീണ്ട ദൂരം യാത്ര ചെയ്ത്, മാര്‍ക്കറ്റിലെത്തിച്ച് കശാപ്പുചെയ്ത്, അതിസമ്പന്നരുടെ തീന്‍മേശയിലെത്തിക്കുന്ന പ്രവര്‍ത്തിക്കിടയിലാണ് സാര്‍സിന്‍റെയും കൊറോണയുടെയും വൈറസുകള്‍ മനുഷ്യരിലേക്ക് പകര്‍ന്നതെന്നതില്‍ സംശയമില്ല. അതിനാല്‍ തന്നെ വനത്തിലും വന്യജീവികളിലുമുള്ള മനുഷ്യന്‍റെ ഹിംസാത്മകമായ ഇടപെടല്‍ സമ്പൂര്‍ണമായി അവസാനിപ്പിക്കുക എന്നതു മാത്രമാണ് മഹാപകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സ്ഥിരമായ രക്ഷാമാര്‍ഗം. ചൈന ചെയ്തതുപോലെ താല്‍ക്കാലികമായി വന്യജീവി മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയതുകൊണ്ടു മാത്രമായില്ല.
രാഷ്ട്രങ്ങള്‍ സമ്പൂര്‍ണമായി അടച്ചിടലും സമ്പര്‍ക്കവിലക്കുമാണ് നാമിപ്പോള്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധമാര്‍ഗം. എല്ലാം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും സൃഷ്ടിക്കുക. സന്ദിഗ്ദ്ധഘട്ടങ്ങള്‍ അതിജീവിക്കാനുള്ള സാമ്പത്തിക മുന്‍കരുതല്‍ ഉള്ള രാജ്യമല്ല ഇന്ത്യ എന്ന് എല്ലാവര്‍ക്കും അറിയാം. പട്ടിണിയും കലാപങ്ങളും അടിച്ചമര്‍ത്തലുകളുമാകും അനന്തരഫലം. നഗരങ്ങളിലെ അനിശ്ചിതാവസ്ഥയില്‍ നിന്ന് താരതമ്യേന സുരക്ഷിതമെന്നു തോന്നിയ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമത്തിന് അവരെ കുറ്റപ്പെടുത്താനാവില്ല.
ലോകമാകെ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഭീതിയോടെ നഗരങ്ങളില്‍നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യുന്നു ഒട്ടേറെപ്പേര്‍. ചുട്ടുപഴുത്ത റോഡിലൂടെ നൂറുകണക്കിനു കിലോമീറ്റര്‍ നടന്നു നടന്ന്, സ്ത്രീകളും കുട്ടികളും. തലയില്‍ ബാഗുകള്‍, ഭാണ്ഡങ്ങള്‍. ഒരുപാടു പേര്‍ ആശുപത്രികളില്‍ ഒന്നു ശ്വസിക്കാനായി പാടുപെട്ട്, പലതരം ഉപകരണങ്ങള്‍ക്കിടയില്‍. വീടുകളില്‍ ഏകാന്തത്തടവില്‍ ലക്ഷക്കണക്കിന് ആളുകള്‍. വിശാലമായ റോഡുകളില്‍ എന്നും കാണുന്ന പരക്കം പാച്ചിലുകളില്ല. സംശയിച്ച് മടിച്ചു മടിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്ന ഏതാനും പേര്‍. ഇടക്കിടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍. വഴിയില്‍ ബാരിക്കേഡുകളുണ്ടാക്കി പോലീസുകാര്‍. ചിലയിടത്ത് പട്ടാളം റോന്തു ചുറ്റുന്നു. എങ്ങും കര്‍ശനമായ താക്കീതുകള്‍, മുന്നറിയിപ്പുകള്‍.
വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യങ്ങള്‍ കൂടി കണക്കിലെടുത്താല്‍ മാത്രമേ ഈ പ്രതിസന്ധിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമാകൂ. ഇത് വരെ ഈ ഭീഷണിയില്‍ നിന്നും രക്ഷപെട്ടു എന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്ന സമൂഹത്തിലേക്കാണ് കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നും പ്രവാസികള്‍ തിരിച്ചെത്തുക. അവരിലൂടെ ഉണ്ടാകാനിടയുള്ള ആരോഗ്യ അടിയന്താരാവസ്ഥയെ നാം ഏത് വിധേനയും മറികടക്കും എന്നു വെച്ചാലും തൊഴില്‍ നഷ്ടപ്പെട്ട് മറ്റൊരു വഴിയുമില്ലാതെ തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നത് അടുത്ത വെല്ലുവിളിയാണ്. ഈ അവസ്ഥ ഇതുപോലെ തുടരുകയാണെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ചെറിയ ദുരന്തമൊന്നുമായിരിക്കില്ല. കൊവിഡ് മരണങ്ങളേക്കാള്‍ രൂക്ഷമായിരിക്കും കാര്യങ്ങള്‍. അതിനാല്‍ തന്നെ മാറിചിന്തിക്കാന്‍ സമയമായിരിക്കുന്നു.
കൊവിഡ് കാലത്തിനു ശേഷം മനുഷ്യന്‍ മാറുമോ എന്ന ചര്‍ച്ച ഒരുപാട് നടക്കുന്നുണ്ട്. പക്ഷേ ചരിത്രം പരിശോധിച്ചാല്‍ വലിയ പ്രതീക്ഷകള്‍ക്കൊന്നും സാധ്യതയില്ല എന്ന്‍ കാണാം. എങ്കിലും ചില നുറുങ്ങുവെളിച്ചങ്ങള്‍ ഉണ്ട്.
മനുഷ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു വിപത്തിനെതിരെ ലോകം ഒന്നിച്ചുനിന്ന് പോരാടുന്നത്. ലോകമഹായുദ്ധം പോലും ഇത്രമാത്രം ലോകത്തെ ബാധിച്ചിട്ടില്ല. മതങ്ങള്‍ക്ക് മേലെയായി ശാസ്ത്രം അവരോധിക്കപ്പെടുന്നതും ഒരു പ്രത്യാശ കാഴ്ചയാണ്. കൈകഴുകലും സാമൂഹ്യ അകലവുമെല്ലാം ഉദാഹരണം. സ്വന്തം കാര്യങ്ങള്‍ക്ക് നാം ശാസ്ത്രം ഉപയോഗിക്കാറുണ്ട്. ജോലി കിട്ടാന്‍ വേണ്ടി ശാസ്ത്രം പഠിക്കാറുണ്ട്. ജോലി കിട്ടിയാല്‍ അതെല്ലാം മറന്ന് പള്ളികളും അമ്പലങ്ങളുമായി ജീവിക്കുന്ന പതിവ് അവസാനിക്കുന്നു എന്നു വേണം കരുതാന്‍.
എന്തായാലും കാര്യങ്ങളെ ഗൗരവമായി സമീപിക്കേണ്ട സമയമായിരിക്കുന്നു. ലോക് ഡൗണിന്‍റെ ആരംഭത്തില്‍ ആരും ആശങ്കാകുലരായിരുന്നില്ല. മറിച്ച് ഭാവിയെ കുറിച്ച് പ്രതീക്ഷയുള്ളവരുമായിരുന്നു. പലരും ഈ അവസരം ആസ്വദിക്കുകയായിരുന്നു. രണ്ടാഴ്ചവരെയൊക്കെ ഒ കെ. അതിനപ്പുറമൊന്നും മനുഷ്യര്‍ക്ക് പരസ്പരം നോക്കിയിരിക്കാനാവില്ല. മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും അന്തരീക്ഷം മാറുകയാണ്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ കിടന്ന് നശിക്കുന്നു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള സ്‌റ്റോക്കാണ് നാം ഉപയോഗിക്കുന്നത്. അതിനു പരിധിയുണ്ട്. അതും കഴിയുമ്പോള്‍ പ്രശ്‌നം രൂക്ഷമാകും. ചീര പോലും നട്ടാല്‍ വിള കിട്ടാന്‍ ദിവസങ്ങളെടുക്കും. ഓരോ ദിവസം കഴിയുന്തോറും ഈ ഗാപ്പ് കൂടുകയാണ്. സ്റ്റോക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിയുകയും പുതിയവ ഉണ്ടാകാതിരിക്കുകയും ചെയ്താലുണ്ടാകുന്ന സംഭവങ്ങള്‍ ലളിതമായിരിക്കില്ല. പണം കൊണ്ടുപോലും ഉപയോഗമില്ലാത്ത കാലമായിരിക്കുമത്. എത്രയും വേഗം കൃഷിയാരംഭിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്ക് ഇടവേളയില്ലാതാക്കുകയാണ് വേണ്ടത്.
കൊറോണ വൈറസ് ഭൗതിക വികസനത്തിലും ആഗോളവല്‍ക്കരണത്തിലും ഊന്നിയ ആധുനിക നാഗരികതക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആധുനികതയില്‍ നിന്ന് മാറിച്ചിന്തിക്കുന്നവര്‍ പറയുന്നതുപോലെ പ്രാദേശികമായ വിഭവങ്ങളുടെ ഉല്പാദനവും തുല്യതയുള്ള പുനര്‍വിതരണവും പാരിസ്ഥിതികവും സാമൂഹികവുമായ വിവേകവും അടിസ്ഥാനമാക്കിയ ഒരു സംസ്‌കാരത്തിനേ ആഗോളവ്യവസ്ഥയില്‍ നിന്ന് വേര്‍തിരിഞ്ഞാലും കുറച്ചുകാലമെങ്കിലും അതിജീവിക്കാനുള്ള അര്‍ഹതയുണ്ടാകുകയുള്ളു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി കേരളത്തില്‍ പലരും ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അപൂര്‍വ്വം കുറച്ചുപേരെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ അതിജീവിച്ചു കാണിച്ചിട്ടുമുണ്ട്. നമ്മള്‍, പൊതുകേരളസമൂഹം, ഈ പ്രതിസന്ധി ഘട്ടത്തിലും അവയെല്ലാം അവഗണിച്ചു തള്ളുന്ന പതിവ് തുടരുമോ ?
(പരിസ്ഥിതി പ്രവര്‍ത്തകനാണ് ജോണ്‍ പെരുവന്താനം. ഫോണ്‍ 9947154564)