സാമൂഹ്യവ്യാപനമോ? തിരുവനന്തപുരം ആശങ്കയില്‍ ഉറവിടം തിരിച്ചറിയാത്ത രണ്ടു കൊറോണ കേസുകള്‍;

തിരുവനന്തപുരം: ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയാത്ത രണ്ട് കൊറോണ കേസുകള്‍ തലസ്ഥാനത്തെ ആശങ്കയിലാക്കി. സാമൂഹ്യ വ്യാപനമാണോ എന്ന സംശയം ബലപ്പെടുകയാണ്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഒരാള്‍. മറ്റൊരാള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ മേപാല താമസക്കാരനാണ്. തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞ പോത്തന്‍കോട് സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അബ്ദുല്‍ അസീസിന്റെ രോഗബാധയുടെ ഉറവിടവും കണ്ടെത്തിയിരുന്നില്ല. കൊറോണാ ബാധിതരായ ആരൊക്കെയോ ആരോഗ്യ വകുപ്പിന്റെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍ വരാതെ ഉണ്ടോ എന്ന ആശങ്കയാണ് ഈ കേസുകള്‍ ഉയര്‍ത്തുന്നത്. നെയ്യാറ്റിന്‍കര സ്വദേശി ബാലരാമപുരത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന ആളാണ്. മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം ആയിരുന്നു അവിടെ നല്‍കിയിരുന്നത്. തമിഴ്‌നാടുമായി നല്ല ബന്ധം ഇദ്ദേഹത്തിന് ഉണ്ട്. തമിഴ് നന്നായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തിന്റെ പരിശീലന കേന്ദ്രത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളും പരിശീലനത്തിന് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയാണ്. വിപുലമായ സാമൂഹിക ഇടപെടലുകള്‍ ഇവരും നടത്തിയിട്ടുണ്ട്. കൊറോണ തിരിച്ചറിയുന്നതിനു മുമ്പ് വിപുലമായ സാമൂഹിക ഇടപെടലുകള്‍ രോഗിയും നടത്തിയിരുന്നു. സമ്പര്‍ക്ക പട്ടികയില്‍ നൂറുകണക്കിന് ആളുകളാണ് ഉള്ളത്. കുറെയധികം ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ആരോഗ്യവകുപ്പിന്റെ തല പുകയ്ക്കുന്നത് ഈ സാഹചര്യമാണ്. തമിഴ്‌നാടിനോടു ചേര്‍ന്നുള്ള മേപ്പാല ഗ്രാമക്കാരനായ തമിഴനാണ് കൊറോണ സ്ഥിരീകരിച്ച മറ്റൊരാള്‍ . ആരില്‍ നിന്ന് രോഗം പകര്‍ന്നു കിട്ടിയെന്ന് ഇതുവരെയും കണ്ടെത്താനായില്ല. തമിഴ്‌നാടുമായി ധാരാളം ബന്ധങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ രോഗം സ്ഥിരീകരിച്ച ആരെങ്കിലുമായി ഇടപെട്ടിരുന്നോ എന്നത് വ്യക്തമായിട്ടില്ല. തമിഴ്‌നാട് ആരോഗ്യ വകുപ്പ് മായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയാല്‍ മാത്രമേ അത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

നെയ്യാറ്റിന്‍കര താലൂക്കില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പോലീസ് ജാഗരൂകമാണ്. ലോക ഉറവിടം കണ്ടെത്തുന്ന പരിശ്രമങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →