വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊവിഡ് 19 ല്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 31,89,017 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7000ഓളം മരണവും 81,000ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 60,000ഓളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസ്എയില്‍ 2390 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്നിരിക്കുകയാണ്. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം, ബ്രിട്ടണിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 795 ജീവനുകള്‍ നഷ്ടമായി. മരണസംഖ്യ 26,097 ആയി വര്‍ധിച്ചു.
വൈറസ് ഏറെ നാശംവിതച്ച സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ബുധനാഴ്ച മരണനിരക്ക് 500ല്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. 2.3 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ട ഇറ്റലിയില്‍ മരണം 27,682 ആണ്. സ്‌പെയിനില്‍ 24,275 പേര്‍ ഇതേവരെ മരിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 24,000 കടന്നു. ബെല്‍ജിയത്തില്‍ 7501 പേരും ജര്‍മനിയില്‍ 6467 പേരും മരണത്തിനു കീഴടങ്ങി. ഇറാനില്‍ മരണം ആറായിരത്തോട് അടുക്കുകയാണ്. ബ്രസീലില്‍ മരണം 5500 പിന്നിട്ടു. ഇന്ത്യയില്‍ കോവിഡ് മരണം 1074 കടന്നു. അതേസമയം ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തിയത് ആശ്വാസകരമാണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ സ്‌പെയിനാണ് മുന്നില്‍. 1.32 ലക്ഷം രോഗികള്‍ സ്‌പെയിനില്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 1074 പേരാണ് രോഗബാധയേറ്റു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 66 പേര്‍ മരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

