കൊറോണ രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ള ചെയ്യുന്നു; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികള്‍ പണമുണ്ടാക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിച്ച് അമിതമായ ചാര്‍ജ് ഈടാക്കുന്നത് തടയണമെന്നും ബില്ലിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് (30-04-2020 വ്യാഴാഴ്ച) പരിഗണിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ സച്ചിന്‍ ആണ് പൊതുതാത്പര്യം മുന്‍നിര്‍ത്തി പരാതി സമര്‍പ്പിച്ചത്. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലുള്ള ചില ആശുപത്രികള്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രോഗികളില്‍ നിന്ന് എന്തു തുകയും ഈടാക്കാനുള്ള അവസരമായി ഈ അനുമതിയെ ആശുപത്രികള്‍ വിനിയോഗിക്കുകയാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

പത്തു മുതല്‍ പതിനഞ്ചു ലക്ഷം രൂപ വരെ ചാര്‍ജ് ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ആയി കിടക്കുന്നതിന്റെ ചിലവ് മാത്രമാണിത്. ഇത്രയും വലിയ തുക ഈടാക്കുന്നത് കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം അനുവദിക്കാന്‍ തയ്യാറാവുന്നില്ല. കയ്യില്‍ പണമോ ഇന്‍ഷ്വറന്‍സ് കവറേജോ ഇല്ലാത്ത സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്.

മാരകമായ വൈറസ് ബാധയേറ്റ ചെല്ലുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്. ദേശീയ പ്രതിസന്ധിയുടെ നാളുകളില്‍ രോഗികളുടെ ദുരിതത്തില്‍ നിന്ന് കാശുണ്ടാക്കാന്‍ നോക്കുകയാണ് ആശുപത്രികള്‍.

ആശുപത്രി ബില്ലിന്റെ ഉയര്‍ന്ന പരിധി എത്രയായിരിക്കണം എന്നാണോ ഹര്‍ജിയിലെ ആവശ്യം എന്ന് ഹര്‍ജി പരിഗണിച്ച കോടതി ചോദിച്ചു. കൊറോണ ബാധിതരെ ചികിത്സിക്കുവാന്‍ സര്‍ക്കാര്‍ ചില ആശുപത്രികള്‍ക്ക് അനുമതി നല്‍കിയത് ഇഷ്ടംപോലെ ബില്ല് വാങ്ങാനുള്ള അവസരമായി വിനിയോഗിക്കുന്നു എന്ന ഹര്‍ജിക്കാരന്റെ വാദത്തോട് യോജിക്കുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാതെ കോടതിക്ക് ഇടപെടാന്‍ ആവുകയില്ല എന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →