പാലക്കാട് ജില്ലയിലെ 13 ബ്ലോക്കുകളിലും ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള ജോലികള്‍ പുനഃരാരംഭിച്ചു

പാലക്കാട് ഏപ്രിൽ 28: പാലക്കാട് ജില്ലയിലെ 13 ബ്ലോക്കുകളിലും ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള ജോലികള്‍ പുനഃരാരംഭിച്ചു. 220 ജോലികള്‍ക്കായി 1160 പേരാണ് ഏപ്രില്‍ 24നു വിവിധ പഞ്ചായത്തുകളില്‍ എത്തിയത്. ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ജോലികള്‍ തുടരുക എന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. ഏതാനും ബ്ലോക്കുകളില്‍ ഏപ്രില്‍ 22 മുതല്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള ജോലികള്‍ ആരംഭിച്ചെങ്കിലും ഏപ്രില്‍ 23 മുതലാണ് എല്ലാ ബ്ലോക്കുകളിലും ഇത് പുനഃരാരംഭിച്ചത്.

മാസ്‌ക്ക്, ഗ്ലൗസ് തുടങ്ങിയവ പൂര്‍ണ്ണമായി എത്തുന്നതോടെ കൂടുതല്‍ ജോലികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ പഞ്ചായത്തുകള്‍. ജലസംരക്ഷണം, മണ്ണുസംരക്ഷണം, തോടുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് പാലക്കാട് ജില്ലയില്‍ പ്രധാനമായും നടക്കുന്നത്. ഒരു ജോലിക്കായി പരമാവധി 20 പേരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ തന്നെ ഒരു സംഘത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാകരുത് എന്നും ഉറപ്പാക്കുന്നുണ്ട്. ഒരു മീറ്ററെങ്കിലും അകലത്തില്‍ നിന്നു ജോലി ചെയ്യുന്നുവെന്നും ഉറപ്പാക്കിയിട്ടുണ്ട്. 60 വയസിനു താഴെയുള്ളവരെ മാത്രമാണ് നിലവില്‍ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

ദേശീയതൊഴിലുറപ്പു പദ്ധതിയുടെ കുടിശിക തീര്‍ക്കുന്നതിനായി കോവിഡ് പാക്കേജിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് 7300 കോടിരൂപ അനുവദിച്ചിരുന്നു. രാജ്യവ്യാപകമായി 1.27 കോടിതൊഴിലുകളാവും സാമ്പത്തികവര്‍ഷത്തില്‍ തൊഴിലുറപ്പുപദ്ധതിയിലൂടെ സൃഷ്ടിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →