തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ചും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കോവിഡ് 19 നിര്‍വ്യാപന/ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ സര്‍വ്വീസ് എന്ന ഗണത്തില്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം.
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ ഉള്‍പ്പെടെയുളള ജനക്ഷേമ ആശ്വാസ നടപടികള്‍ക്കും ഭംഗവും വരാത്ത രീതിയിലായിരിക്കണം ഓഫീസ് പ്രവര്‍ത്തനങ്ങള്‍.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ജനക്ഷേമ ആശ്വാസനടപടികളുടെയും സുഗമമായ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രത്യേകമായി ജീവനക്കാരെ ചുമതലപ്പെടുത്തി പ്രവര്‍ത്തനസമയം നിശ്ചയിച്ച് ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കണം.
പഞ്ചായത്ത് വകുപ്പിനെ അവശ്യസര്‍വ്വീസായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള സാഹചര്യത്തില്‍ വകുപ്പിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണം.
പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന ജീവനക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചുവയസ്സില്‍ താഴെ പ്രായമുളള കുട്ടികളുടെ രക്ഷാകര്‍ത്താക്കളായ ജീവനക്കാര്‍ എന്നിവരെ അപേക്ഷപ്രകാരം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാം. ഇത്തരത്തില്‍ ഒഴിവാക്കുന്ന ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പിന്നീട് തീരുമാനിക്കും. ഇത്തരത്തിലുളള ജീവനക്കാര്‍ നിര്‍ബന്ധമായും ‘വര്‍ക്ക് ഫ്രം ഹോം’ രീതി സ്വീകരിക്കണം.
ജില്ലയ്ക്കുള്ളില്‍ സ്ഥിരതാമസമാക്കിയിട്ടുളളതും ഓഫീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ജില്ലയ്ക്കുള്ളില്‍ തന്നെ വരുന്നതുമായ ജീവനക്കാര്‍ അവശ്യസര്‍വ്വീസ് എന്ന രീതിയില്‍ നിര്‍ബന്ധമായും ജോലിക്ക് ഹാജരാകണം.
ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത കാരണമോ, മറ്റ് അവശതകളാലോ ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത ജീവനക്കാര്‍ നിര്‍ബന്ധമായും കാരണം കാണിച്ച് ഓഫീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കാതെ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ അനധികൃത ഹാജരില്ലായ്മക്കുളള നടപടികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്വീകരിക്കണം.
വകുപ്പുമായി ബന്ധപ്പെട്ട ചില ഓഫീസുകളിലെ ജീവനക്കാര്‍ ഓഫീസിലെത്തുന്നതിനും തിരകെപോകുന്നതിനും ഓഫീസ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന ജീവനക്കാര്‍ ഓഫീസിന്റെ എട്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഓഫീസ് മേധാവികള്‍ ഏര്‍പ്പാടുചെയ്യണം.
സ്ഥിരതാമസമാക്കിയിട്ടുളള ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നതും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്ഥിരതാമസ സ്ഥലങ്ങളിലകപ്പെടുകയും ചെയ്ത ജീവനക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ ജോലിസ്ഥലത്തേക്ക് പോകുന്നതിന് ആവശ്യമായ യാത്രാപാസ്സിനുളള നടപടികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ചെയ്യണം.
കോവിഡ് നിര്‍വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ക്രമീകരിക്കുമ്പോള്‍ എല്ലാ ജീവനക്കാര്‍ക്കും ഇടവേള ലഭിക്കുന്ന തരത്തില്‍ റൊട്ടേഷന്‍/ ടേണ്‍ രീതി ഓഫീസ് മേലധികാരി സ്വീകരിക്കണം.
ഇ-ഫയല്‍ പ്രോസസ്സ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഓഫീസ് മേലധികാരി മുഖേന വി.പി.എന്‍ കണക്ടിവിറ്റി വാങ്ങി പരമാവധി ഫയലുകള്‍ പ്രോസസ്സ് ചെയ്യണം.
ഇ-ഓഫീസ് വഴിയുള്ള ഫയല്‍ നീക്കം എല്ലാ ഓഫീസ് മേലധികാരികളും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം.
എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഓഫീസ് തല ഇ-ഫയല്‍ സ്റ്റാറ്റസ് സംവിധാനത്തിലൂടെ ചെയ്യാന്‍ കഴിയുന്ന ഫയല്‍ വര്‍ക്കുകള്‍ ‘വര്‍ക്ക് ഫ്രം ഹോം’ രീതിയില്‍ ചെയ്യുന്നതിനും വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ നല്‍കുന്ന അപേക്ഷകളിന്‍മേല്‍ വകുപ്പിലെ എല്ലാ ഓഫീസുകളും സമയബന്ധിത നടപടികള്‍ സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഓണ്‍ലൈനായി നല്‍കിയിരുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി തന്നെ നല്‍കാന്‍ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ ക്രമീകരണങ്ങളും സഹായവും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ നല്‍കും.
ഓഫീസുകളില്‍ ഹാജരാകുന്ന ജീവനക്കാര്‍, വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ എന്നിവര്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ഇത് സംബന്ധിച്ച് ആവശ്യമായ ബോധവല്‍ക്കണ നടപടികള്‍ ഗ്രാമപഞ്ചായത്തുകള്‍ ചെയ്യണം.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിനായി ജലം, സോപ്പ്/ ഹാന്‍ഡ് വാഷ്, സാനിറൈസര്‍ എന്നിവ ഓഫീസ് കവാടത്തിനുമുന്നില്‍ ക്രമീകരിക്കണം. ഓഫീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകളില്‍ കഴിവതും ഓണ്‍ലൈനായി നികുതികളും ഫീസുകളും സ്വീകരിക്കാന്‍ നടപടിയെടുക്കണം.
ഓഫീസും പരിസരവും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അണുവിമുക്തമാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടത്തണം.
എല്ലാ ഓഫീസുകളിലും ആറടി അകലത്തില്‍ സാമൂഹിക അകലം പാലിച്ച് ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
പഞ്ചായത്ത് കമ്മിറ്റിയോഗം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ സാമൂഹിക അകലവും സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് അജണ്ടയായി അടിയന്തിര പ്രാധാന്യമിള്ള വിഷയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് സമയക്ലിപ്തത പാലിക്കണം.
ഗ്രാമപഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പൊതുജനങ്ങളില്‍ നിന്നും പണമായും സാധനസാമഗ്രികളായും ലഭിക്കുന്ന സംഭാവനകള്‍ സംബന്ധിച്ച് കൃത്യമായ സ്റ്റോക്ക് രജിസ്റ്റര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എഴുതി സൂക്ഷിക്കണം.
ഇതിന്റെ കൃത്യത ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി ലഭിക്കുന്ന സാധനസാമഗ്രികള്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനു വിധേയമായി മാത്രം വിതരണം ചെയ്യണം. പണമായി ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണ്ണമായും പഞ്ചായത്ത് തനത് ഫണ്ടിലേക്ക് വരവ് വെച്ച് നിയമ നടപടിക്രമങ്ങളിലൂടെ ചെലവ് ചെയ്യണം.
കമ്മ്യൂണിറ്റി കിച്ചണുകളിലെ പാചക തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന വേതനത്തിന്റെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രത്യേകം എഴുതി സൂക്ഷിച്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം.
എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും കമ്മ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായത്തിന്റെയും ചെലവിന്റെയും വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രൊഫോര്‍മയില്‍ എല്ലാ മാസവും ഒന്നിന് പഞ്ചായത്ത് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഈ നിര്‍ദേശങ്ങള്‍ ഗ്രാപഞ്ചായത്തുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി സ്പെഷ്യല്‍ റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ലഭ്യമാക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

