ഇംഗ്ലണ്ട്: ഡോക്ടറായും നെഴ്‌സായും വേഷംകെട്ടി കുട്ടിക്കാലത്ത് അവര്‍ കളിക്കുമായിരുന്നു. അവശരേയും ആലംബമില്ലാത്തവരേയും സഹായിക്കുന്ന രീതികളാണിവ എന്ന് മനസിലാക്കിയായിരുന്നു അഭിനയം. വളര്‍ന്നപ്പോള്‍ ഒരാള്‍ നഴ്‌സായി. പക്ഷേ, ദീനാനുകമ്പയില്‍ രണ്ടു പേരും ഒരുപോലെയായിരുന്നു. കൊറോണ ഇംഗ്ലണ്ടില്‍ മരണം വിതച്ച് ഓടിനടന്നപ്പോള്‍ ഇരുവരും പതറിയില്ല. കുട്ടിക്കാലത്തെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി ജീവിച്ചു. കൊറോണ രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിച്ചു. ഒടുവില്‍ അവരേയും കൊറോണ കടന്നു പിടിച്ചു. ഇരട്ട സഹോദരികള്‍ ഒന്നിച്ച് ജീവിതമെന്ന അരങ്ങില്‍ നിന്ന് ഒഴിയുമ്പോള്‍ ഇംഗ്ലണ്ടുകാര്‍ കണ്ണുനീര്‍ വീര്‍ക്കുകയാണ് അവരെയോര്‍ത്ത്.
ഇംഗ്ലണ്ടിലെ സതാംപ്തണ്‍ ജനറല്‍ ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ നഴ്‌സായ കാറ്റി ഡേവിസും സഹോദരി എമ്മ ഡേവിസും ആണ് മരിച്ചത്. ഇരുവര്‍ക്കും 37 വയസായിരുന്നു. മൂന്നുദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരുടെയും മരണം. കാറ്റി ചൊവ്വാഴ്ചയും എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്. എമ്മയും ഇതേ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്നു. കാറ്റിയുടെ മരണത്തെ തുടര്‍ന്ന് ആദരവുമായി ആശുപത്രി ജീവനക്കാര്‍ മുഖ്യകവാടത്തില്‍ ക്ലാപ് ഫോര്‍ കാറ്റി നടത്തിയിരുന്നു. ബ്രിട്ടനില്‍ 50 നഴ്‌സുമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.