ക്ഷയരോഗനിര്‍ണയവും രോഗികള്‍ക്കുള്ള ചികിത്സയും ഉറപ്പു വരുത്താന്‍ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതി പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ക്ഷയരോഗനിര്‍ണയവും രോഗികള്‍ക്കുള്ള ചികിത്സയും ഉറപ്പു വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കി. പുതിയതായി രോഗബാധ സ്ഥിരീകരിച്ചവര്‍ക്കും ഇപ്പോള്‍ ചികിത്സയിലുളള എല്ലാ ക്ഷയരോഗികള്‍ക്കും ഒരു മാസത്തേക്കുള്ള മരുന്നുകള്‍ നല്‍കണന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രോഗികള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്നും ചികിത്സ തടസം കൂടാതെ ലഭിക്കുന്നുണ്ടെന്നും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാരുകള്‍ ഉറപ്പാക്കേണ്ടതാണ്. രോഗികള്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ രോഗിയുടെ വീട് എവിടെയാണെങ്കിലും അവിടെ മരുന്ന് എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കേണ്ടി വന്ന ലോക്ക് ഡൗണില്‍ മരുന്നുകള്‍ ആവശ്യത്തിന് ശേഖരിക്കണമെന്നും ആവശ്യാനുസരണം വിതരണം ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്ഷയരോഗ നിര്‍ണയം, ചികിത്സാസൗകര്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് രോഗികള്‍ ക്ഷയരോഗ ചികിത്സ തുടരേണ്ടതാണ്. രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ടിബി ടോള്‍ ഫ്രീ നമ്പറായ 1800 1166 66 ല്‍ രോഗികള്‍ ബന്ധപ്പെടേണ്ടതാണ്.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ http://www.tbcindia.gov.in എന്ന വെബ്‌സൈറ്റിലെ ”വാര്‍ത്തകളും ഹൈലൈറ്റുകളും” സെക്ഷനില്‍ ലഭ്യമാണ്.

Share
അഭിപ്രായം എഴുതാം