ന്യൂഡല്‍ഹി: കോവിഡ് 19 മായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ സമയത്ത് തപാല്‍ വകുപ്പ് കൈക്കൊണ്ട നടപടികള്‍ വാര്‍ത്താവിനിമയ, മാനവവിഭവശേഷി വികസന സഹമന്ത്രി സഞ്ജയ് ധോത്രേ വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്തു. തപാല്‍ വകുപ്പ് സ്വീകരിച്ച വിവിധ നടപടികളില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, പരമാവധി സാമൂഹ്യ അകലം പാലിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കൈ കൊണ്ടതിനു ശേഷമേ രാജ്യത്തിനായി സേവനത്തിലേര്‍പ്പെടാവൂ എന്ന ആഹ്വാനം ചെയ്തു. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളും തപാല്‍ വകുപ്പിന്റെ വിതരണ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും വകുപ്പുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള സേവനം തപാല്‍ വകുപ്പിന് പുതിയ അവസരം നല്‍കുമെന്നും സഞ്ജയ് ധോത്രേ പറഞ്ഞു. ആധാര്‍ ബന്ധിത പേയ്‌മെന്റ് സംവിധാനങ്ങള്‍ (എഇപിഎസ്) തപാല്‍ വകുപ്പ് വ്യാപകമായി പ്രചരിപ്പിക്കണം. ഡിവിഷണല്‍ മേധാവികള്‍ ജില്ലാ കളക്ടര്‍മാരുമായും സംസ്ഥാന ഭരണകേന്ദ്രങ്ങളുമായും ഇടപെട്ട് പണം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതി ഏകോപിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിലക്കുള്ള മേഖലകള്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ പോസ്റ്റോഫീസുകളും പ്രവര്‍ത്തിക്കുകയും സേവനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രിയെ അറിയിച്ചു. മരുന്നുകള്‍, കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, ഡിഫിബ്രില്ലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്.2020 ഏപ്രില്‍ 20 വരെയുള്ള ലോക്ക്ഡൗണ്‍ കാലയളവില്‍, 28,000 കോടി രൂപയുടെ, 1.8 കോടി തപാല്‍ സേവിംഗ്, 2100 കോടി രൂപയുടെ 84 ലക്ഷം ഐപിപിബി, 135 കോടിയുടെ 4.3 ലക്ഷം എടിഎം ഇടപാടുകളും രാജ്യത്തുടനീളം നടന്നു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ എഇപിഎസ് ഏതു ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ എത്തിച്ചു നല്‍കുന്നു. 300 കോടി രൂപയുടെ 15 ലക്ഷം എഇപിഎസ് ഇടപാടുകളാണ് ഈ കാലയളവില്‍ നടത്തിയത്. 480 കോടി രൂപയുടെ ഏകദേശം 52 ലക്ഷം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ലോക്ക്ഡൗണ്‍ കാലയളവില്‍ നടത്തി. ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വഴിയുള്ള തപാല്‍ വകുപ്പിന്റെ സേവനം ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും, വയോധികര്‍, ദിവ്യാംഗര്‍, പെന്‍ഷന്‍ വിഭാഗം എന്നിവര്‍ക്കും വളരെയധികം സഹായകമായിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന തപാല്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സഞ്ചരിക്കുന്ന തപാല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകളുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് സാധനങ്ങളും സേവനങ്ങളും എത്തിക്കാന്‍ തപാല്‍ വകുപ്പ് പങ്കാളികളാകുകയും, ഭക്ഷ്യവസ്തുക്കളും റേഷനും എത്തിക്കുകയും ചെയ്യുന്നു. ചില തപാല്‍ ഓഫീസുകളില്‍, ശുചീകരണ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്യുന്നതിനായി മാസ്‌കുകളും തയാറാക്കുന്നുണ്ട്.

