തിരുവനന്തപുരം: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ ചെറുകിട റബ്ബര്‍കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് വിപണിയില്‍ ഇടപെടുന്നു. റബ്ബര്‍ബോര്‍ഡിന്റെയും റബ്ബര്‍ ഉത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ മുഖേന കര്‍ഷകരില്‍നിന്ന് നേരിട്ട് റബ്ബര്‍ഷീറ്റ് സംഭരിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് 25 ഏപ്രില്‍ 2020 മുതലാണ് സംഭരണം തുടങ്ങുക. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന റബ്ബര്‍, ഗ്രേഡ് അനുസരിച്ച് കര്‍ഷകര്‍ക്ക് ഒരു നിശ്ചിത തുക ആദ്യമേ നല്‍കുകയും വിപണി സ്ഥിരത കൈവരിക്കുമ്പോള്‍ ബാക്കി തുക നല്‍കുകയും ചെയ്യും. ഒരു ചെറുകിട കര്‍ഷകനില്‍നിന്നും പരമാവധി 100 കി.ഗ്രാം വരെ റബ്ബറായിരിക്കും സംഭരിക്കുക. വള്ളത്തോള്‍ റബ്ബേഴ്‌സ് (തൃശൂര്‍), വേമ്പനാട് റബ്ബേഴ്‌സ് (എറണാകുളം), മണിമലയാര്‍ റബ്ബേഴ്‌സ് (കോട്ടയം), കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സ് (കാഞ്ഞിരപ്പള്ളി), കവണാര്‍ ലാറ്റക്‌സ് (പാലാ), എഴുത്തച്ഛന്‍ റബ്ബേഴ്‌സ് (നിലമ്പൂര്‍), സഹ്യാദ്രി റബ്ബേഴ്‌സ് (പുനലൂര്‍) അടൂര്‍ റബ്ബേഴ്‌സ് (അടൂര്‍) എന്നീ കമ്പനികളാണ് കേരളത്തില്‍ റബ്ബര്‍ സംഭരിക്കുക. മണിമലയാര്‍ റബ്ബേഴ്‌സിന്റെ മറ്റു ശാഖകളിലൂടെ ത്രിപുരയില്‍ നിന്നും ആസ്സാമില്‍നിന്നും റബ്ബര്‍ സംഭരിക്കും. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ 0481 2576622 എന്ന നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
റബ്ബര്‍ബോര്‍ഡ് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള സമയവും നീട്ടി. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഇങ്ങനെ സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകളും 2020 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലായിരിക്കും പുതുക്കുക്കുക. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് 10 ദിവസത്തിനു ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സമര്‍പ്പിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ മാത്രമേ പുതുക്കയുള്ളൂ എന്നും റബര്‍ ബോര്‍ഡ് അറിയിച്ചു.
കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനനുസരിച്ച് റബ്ബര്‍വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ റബ്ബര്‍വ്യാപാരം നടക്കുന്നില്ലാത്തതിനാലാണ് ആഭ്യന്തരവിപണിയിലെ വില റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കാത്തത്. വ്യാപാരം ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍ ബോര്‍ഡ് വില പ്രസിദ്ധീകരിക്കുന്നതാണ്. വില ഇടിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ കരുതിയിരിക്കേണ്ടതുണ്ട്.റബ്ബര്‍വില സംബന്ധമായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ കര്‍ഷകര്‍ കുടുങ്ങരുത്. ഇത്തരം പരാതികളെകുറിച്ച് അന്വേഷിക്കുമെന്ന് റബ്ബര്‍ബോര്‍ഡ് അറിയിച്ചു. വ്യാജപ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമാണ്.ഇവ ശ്രദ്ധയില്‍പെട്ടാല്‍ 0481 2353790 എന്ന ഫോണ്‍നമ്പരില്‍ അറിയിക്കണം.