ന്യൂഡൽഹി ഏപ്രിൽ 17: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ ഉടനെ മടക്കികൊണ്ട് വരാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിൽ സത്യവാങ്മൂലം നൽകി. ഇന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനവും പുറത്തുവന്നിട്ടുണ്ട്. നയതന്ത്ര സ്വാഭവത്തിലുള്ള വിസകൾ ഒഴികെ ബാക്കി എല്ലാ വിസകളും നീട്ടിവെച്ചത് മെയ് 3 വരെ തുടരുമെന്നാണ് തീരുമാനം. ഇന്ത്യയിലേക്കുള്ള യാത്രക്കാരെ തടഞ്ഞിരിക്കയുമാണ്.
ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും പ്രവാസികളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
യു.എ.ഇയില്‍നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസി മലയാളികളെ മടക്കിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കെ.എം.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാന്‍ കേരളം തയ്യാറാണെങ്കില്‍ അതിന് അനുവദിച്ചു കൂടേയെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞു. എന്നാല്‍ ഒരു സംസ്ഥാനത്തിനു വേണ്ടി അത്തരമൊരു തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അത്തരത്തിലൊരു തീരുമാനം കേന്ദ്രം എടുത്താല്‍, മറ്റു സംസ്ഥാനങ്ങള്‍ സമാന ആവശ്യം ഉന്നയിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഏപ്രിൽ 17ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇന്ത്യയിലേക്കുള്ള വിസകൾ നീട്ടിവെച്ചിരിക്കുന്നത്. അതിനൊപ്പം എല്ലാവിധ യാത്രക്കാരെയും ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് മെയ് 3 വരെ തടഞ്ഞിട്ടുണ്ട്.

