മഴക്കാലപൂർവ്വ ശുചീകരണം ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ഏപ്രിൽ 17 : കോവിഡ്-19 മാനദണ്ഡങ്ങള്‍ക്കകത്തു നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറ്റിവെക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് മഴക്കാലപൂര്‍വ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ പലതരം പനിയും പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടപെടണമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. വീടുകള്‍ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കണം.

ഹോട്ട് സ്പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം. പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചീകരണം നടത്തണം. നിശ്ചിത അകലം പാലിച്ച്‌ അഞ്ചില്‍ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച്‌ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണം. വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഖരമാലിന്യങ്ങള്‍ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്കരിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ആവശ്യമായ ബോധവല്‍ക്കരണവും ഇക്കാര്യത്തില്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →