ന്യൂയോർക്ക് ഏപ്രിൽ 8: യുഎസിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ (82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21) എന്നിവരാണ് മരിച്ചത്.
ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനിൽ (സബ് വെ) ട്രാഫിക് കൺട്രോളറായിരുന്നു. മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിൻത്രോപ് ആശൂപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയാണ്. മക്കള്‍: വിനി, വിജു, ജിജു.
ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസം മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വർഷമായി യുഎസിലാണ്. മക്കൾ: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്സി). മരുമകൻ: അനീഷ്.
പോളിന് ഹോസ്റ്റലിൽനിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയിൽനിന്നു വിരമിച്ച ശേഷം ഡാലസിൽ ഐബിഎമ്മിൽ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരൻ ഡേവിഡ്.