ന്യൂഡൽഹി ഏപ്രിൽ 6: കോവിഡ് 19 രാജ്യത്തെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനായി നടപടികളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള എംപിമാരുടെ ശമ്പളവും അലവൻസും വെട്ടികുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ എംപിമാരുടെ പെൻഷനും വെട്ടികുറയ്ക്കും. 30 ശതമാനം കുറവാണ് വരുത്തുക.
കേന്ദ്ര മന്ത്രിസഭാ ഇതിനായുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ ഡൽഹിയിൽ പറഞ്ഞു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈയിനത്തിൽ 7, 900 കോടി രൂപ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവർണ്ണർമാർ എന്നിവരും ശമ്പളത്തിൽ 30 ശതമാനം കുറവ് വരുത്താൻ സ്വമേധയാ തയ്യാറായതായും ജാവഡേക്കർ കൂട്ടിച്ചേർത്തു.

