തിരുവനന്തപുരം മാർച്ച് 29: കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ആളെയും വൈറസിന്റെ ഉറവിടവും തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ചൈനയിലെ വുഹാൻ നഗരത്തിൽ ചെമ്മീൻ വില്പനക്കാരിയായി ജോലി ചെയ്യുന്ന വി ഗുസിയാൻ എന്ന 57കാരിയാണ് സിഡ്നി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ സയൻസിലെ എഡ്വേർഡ് ഹോംസ് ഫുഡാൻ യൂണിവേഴ്സിറ്റിയിലെ ഷാങ് യോങ് സെൻ എന്നിവർ ചേർന്നു നടത്തിയ പഠനപ്രകാരം ആദ്യ കോവിഡ് ബാധിത. മത്സ്യ മാർക്കെറ്റിൽ ചെമ്മീൻ വില്പനക്കാരിയായ വി ഗുസിയാൻ പനിയെ തുടർന്നാണ് ആശുപത്രിയിലെത്തുന്നത്. അത് ഡിസംബർ 10ന് ആയിരുന്നു. തൊട്ടടുത്തുള്ള ക്ലിനിക്കിലാണ് അവർ ചികിത്സ തേടിയത്. പരിശോധനകൾക്ക് ശേഷം കുത്തിവെയ്‌പും മരുന്നും നൽകി മടക്കിയയച്ചു. എന്നാൽ പനി ഭേദമായില്ല. അവശതകൾ കൂടി. അതേതുടർന്ന് കുറച്ചുകൂടി മികച്ച ആശുപത്രിയായ ഇലവൺത് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുശേഷവും ഇവരുടെ രോഗവസ്ഥയിൽ മാറ്റമുണ്ടായില്ല. അവശതയും രോഗവും വർദ്ധിച്ചു. തുടർന്ന് ഡിസംബർ 16ന് വുഹാനിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന യൂണിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനോടകം വുഹാൻ മാർക്കെറ്റിൽ നിന്നും സമാന രോഗലക്ഷണങ്ങളുമായി നിരവധിപേർ യൂണിയൻ ആശുപത്രിയിൽ എത്തിയിരുന്നു. ഗുസിയാന്റെ രോഗം ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അവരെ അറിയിച്ചു. ഡിസംബർ അവസാനം വരെ ഗുസിയാനെ ക്വാറന്റൈനിൽ ആക്കുകയും ചികിത്സകൾ നൽകുകയും ചെയ്തു. ജനുവരിയോടെ രോഗമുക്തി നേടിയ ഗുസിയാൻ ആശുപത്രി വിട്ടു.
വുഹാൻ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നും 24 പേരാണ് കൊറോണ ബാധിതരായി ആശുപത്രിയിൽ എത്തിയത്. ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ ഇതും പെടുന്നുണ്ട്. ഇതിൽ ആദ്യമായി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ ആൾ വി ഗുസിയാൻ ആണെന്നാണ് എഡ്‌വേഡ് ഹോംസും സാങ് യോസെന്നും സമർത്ഥിക്കുന്നത്. ആദ്യം ചികിത്സ തേടിയ 27 പേരിൽ 24 പേരും വുഹാനിലെ മത്സ്യമാംസ മാർക്കെറ്റുമായി ബന്ധപെട്ട് പ്രവർത്തിച്ചവർ ആയതിനാലാണ് രോഗകാരണമായ വൈറസിന്റെ ഉറവിടം വുഹാൻ മാർക്കറ്റാണെന്ന കാഴ്ചപ്പാടിലേക്ക് ശാസ്ത്രജ്ഞരെ എത്തിക്കുന്നത്. കൊറോണ വൈറസിന്റെ ജനിതക സവിശേഷതകൾ പഠനവിഷയമാക്കിയ ശാസ്ത്രജ്ഞർക്ക് വുഹാൻ മാർക്കെറ്റിൽ ജീവനോടെ വിൽക്കാൻ എത്തിച്ചിരുന്ന ഈനാംപീച്ചികളിൽ കണ്ടുവരുന്ന വൈറസിന്റെ ജനിതക ഘടനയുമായി 98 ശതമാനം സാമ്യം കണ്ടെത്തുവാൻ കഴിഞ്ഞു. ഗുസിയനും തനിക്ക് രോഗം പകർന്നിരിക്കുന്നത് മാംസ മാർക്കറ്റിലെ ആളുകളിൽ നിന്നാണെന്ന സംശയം പറഞ്ഞിരുന്നു. ഗുസിയാൻ ഉപയോഗിച്ചിരുന്ന ശൗചാലയം തന്നെയായിരുന്നു മാർക്കറ്റിലെ ജീവനക്കാരും ഉപയോഗിച്ചിരുന്നത്. അവിടെ നിന്നാണ് തനിക്ക് രോഗപകർച്ച ഉണ്ടായതെന്ന സംശയം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. വുഹാൻ മത്സ്യ മാർക്കറ്റിലെ ചെമ്മീൻ വിൽപ്പനക്കാരിയിലൂടെ ലോകത്ത് പ്രത്യക്ഷപ്പെട്ട കോവിഡ് 19 എന്ന വൈറസ് പടർന്നുപിടിച്ച് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്താകെമാനം കൊറോണ വൈറസ് ബാധിച്ചുള്ള മരണം 31, 734 ആയി. 183 രാജ്യങ്ങളിലായി 679, 977 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ചത്. 92, 472 പേർക്ക് രോഗം സ്ഥിരീകരിച്ചു സ്പെയിനിൽ 78797 പേർക്കും ചൈനയിൽ 82, 120 പേർക്കും രോഗം സ്ഥിരീകരിച്ചു. യുഎസ്സിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് -124, 686 പേർ.
ഇറാൻ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് വളരെയധികം ബാധിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനും രോഗം സ്ഥിരീകരിച്ചു.