കൊച്ചി മാര്‍ച്ച് 11: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് തുടക്കം മുതലേ പങ്കുള്ളതായി വിജിലന്‍സ്. അഞ്ച് കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചാണ് പാലം നിര്‍മ്മാണത്തിന് മന്ത്രി ഉത്തരവിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ആര്‍ഡിഎസ് പ്രോജക്ട്സിന് തന്നെ കരാര്‍ ലഭിക്കണമെന്ന ഗൂഢഉദ്ദേശ്യത്തോടെ വി കെ ഇബ്രാഹിം കുഞ്ഞും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജും പ്രവര്‍ത്തിച്ചുവെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കരാറുകാരന് അമിതലാഭം ഉണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി പാലാരിവട്ടം പാലത്തിന് നിര്‍മ്മാണ അനുമതി നല്‍കുന്ന ഘട്ടം മുതല്‍ ചട്ടങ്ങള്‍ ലംഘിച്ചു.

