കോവിഡ് 19: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങളായി

തിരുവനന്തപുരം മാർച്ച് 10: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന്  മടങ്ങിയെത്തുന്നവർക്കായി  ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് 19 രോഗം പകരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.  
പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തുന്നവരോ ഫെബ്രുവരി 10 മുതൽ അത്തരം യാത്ര നടത്തിയവരോ ഇന്ത്യയിലെത്തുമ്പോൾ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് കർശനമായി ഒഴിവാക്കണം.
വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം. പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്‌ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.

ചുമയ്ക്കുമ്പേഴും തുമ്മുമ്പോഴും അണുവിമുക്തമായ തൂവാല, തോർത്ത്, തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. സന്ദർശകരെ അനുവദിക്കാതിരിക്കുക. നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ശുചിമുറിയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. പനി, ചുമ, ശ്വാസതടസം എന്നീ രോഗ ലക്ഷണം പ്രകടമാകുന്നവർ  ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹനത്തിൽ എത്തണം. സംശയങ്ങൾക്ക് ദിശ നമ്പരിലേക്കോ കോവിഡ് 19 കോൾ സെന്ററിലേക്കോ വിളിക്കാം. ഓരോ ജില്ലയിലും മെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസോലേഷൻ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് 19 കോൾ സെന്റർ: 0471 2309250, 0471 2309251, 0471 2309252, ദിശ: 2552056. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →