നെടുങ്കണ്ടം കസ്റ്റഡി മരണം: റിപ്പോര്‍ട്ട് ജൂലൈയില്‍ സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

ഇടുക്കി മാർച്ച് 6: നെടുങ്കണ്ടം കസ്റ്റഡിമരണത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ട്  ജൂലൈ അഞ്ചിന് മുന്‍പ് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങിനെത്തിയവരില്‍ നിന്നും മൊഴിരേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്കുമാറിനെ സബ്ജയിലില്‍ നിന്നും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സി.പി.ആര്‍. നല്‍കിയ ഡോ. മനോജ്, വാഗമണ്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് തെരുവില്‍, രാജ്കുമാറിന്റെ അയല്‍വാസികളായ ആന്റണി, രാജേന്ദ്രന്‍ എന്നിവരെയാണ് തൊടുപുഴ റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍  വിസ്തരിച്ചത്. രാജ്കുമാറിന് 15 മിനുട്ട് സിപിആര്‍ നല്‍കിയിരുന്നതായി ഡോക്ടര്‍ കമ്മീഷനോട് പറഞ്ഞു. സി.പി.ആര്‍. നല്‍കുമ്പോള്‍ വാരിയെല്ലില്‍ ക്ഷതം സംഭവിക്കാനിടയുണ്ട്. ഇക്കാര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താനാണ് അദ്ദേഹത്തെ വിസ്തരിച്ചത്. മൃതദേഹം അടക്കം ചെയ്തപ്പോഴും പോസ്റ്റുമോര്‍ട്ടത്തിനായി വീണ്ടും  പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോഴും ഫാ. ജോര്‍ജ് തെരുവില്‍ സാക്ഷിയായിരുന്നു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഇദ്ദേഹത്തെ വിസ്തരിച്ചത്. രാജ്കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതിന്റെ സാക്ഷികളാണ് അയല്‍വാസികളായ ആന്റണിയും രാജേന്ദ്രനും. വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയില്‍ അതു കണ്ടെത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചതായി ഇരുവരും കമ്മീഷന് മൊഴി നല്‍കി.

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ കമീഷന് ലഭിച്ചതായി ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. ഇതുവരെ 54 സാക്ഷികളും 54 രേഖകളും കമീഷന്‍ തെളിവായി ശേഖരിച്ചു. ഇനി ഇരുപതോളം സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്.  ഹാജരാകാന്‍ നിര്‍ദശിച്ചിട്ടും ഒന്നാം പ്രതി എസ്ഐ സാബു അടക്കമുള്ള ചിലര്‍ തെളിവെടുപ്പിന് എത്തിയിട്ടില്ല. സിവില്‍ കോടതിയുടെ അധികാരം ജുഡീഷ്യല്‍ കമീഷനുണ്ടെന്നും ഹാജരാകാത്തവര്‍ക്ക് എതിരായ തുടര്‍നടപടികള്‍ പിന്നീട് ആലോചിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച കൊച്ചിയിലും സിറ്റിങ് നടത്തുമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →