പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ സമഗ്രവികസനം

കാസർഗോഡ് മാർച്ച് 5: സാമ്പത്തിക പരാധീനതകള്‍ ഇനി കാഞ്ഞങ്ങാട് ബ്ലോക്കിലെ കുട്ടികളുടെ പഠനത്തിന് വെല്ലുവിളിയാകില്ല. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ തണലില്‍ അറിവിന്റെ വെളിച്ചമെത്തിയത് നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ്. ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചും ലൈഫ്, പി.എം.എ വൈ വീടുകള്‍ കൂടുതല്‍ അനുവദിച്ചും കോളനികളില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കുന്നത് സമഗ്രവികസനമാണ്.

വിദ്യാര്‍ഥികള്‍ക്ക് മെറിട്ടോറിയം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി 45 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നടപ്പ് പദ്ധതിയില്‍ വകയിരുത്തി. 44 ലക്ഷം രൂപ പഠനമുറി നിര്‍മ്മാണത്തിനായി അനുവദിച്ചു. പട്ടികജാതി വിഭാഗത്തില്‍ 10 കുട്ടികള്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 12 കുട്ടികള്‍ക്കും പഠനമുറി  നല്‍കി.

അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ട് നടന്നിരുന്ന എസ്.സി എസ്.ടി വിഭാഗങ്ങളില്‍ പെട്ട  93 കുടുംബങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. എസ്.ടി ആറ് ലക്ഷം രൂപ ചിലവില്‍ വിഭാഗത്തില്‍ 65 വീടുകളും എസ്.സി വിഭാഗത്തില്‍ നാല് ലക്ഷം രൂപ ചിലവില്‍ 28 വീടുകളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഉദുമ പഞ്ചായത്തിലെ കാനത്തുംതട്ട, ആര്യനടുക്കം കോളനികളിലും മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട്, അടുക്കത്ത്പറമ്പ് എന്നീ കോളനികളില്‍ കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയായി.  മടിക്കൈ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി ഹാളും ലൈബ്രറിയും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.ടി വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു. പെരിയ സി.എച്ച്.സിയില്‍ എക്സ് റേ, ലാബ് സൗകര്യങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ  വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →