സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശം: മന്ത്രി ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം മാർച്ച് 4: സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങൾ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ. സുരക്ഷിതത്വം തൊഴിലാളികൾക്കും മാനേജ്മെന്റിനും വ്യവസായശാലകൾക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങൾക്കും  ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയസുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്‌സ് വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡുകൾ സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാക്ടറി നിയമം അനുശാസിക്കുന്നവിധത്തിൽ അപകടരഹിതവും ആരോഗ്യപ്രദവുമായ വ്യവസായാന്തരീക്ഷം കെട്ടിപ്പടുക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണം. സുരക്ഷിതത്വം സംബന്ധിച്ച  ബോധം പൊതുസമൂഹത്തിലും വളർന്നുവരണം. തൊഴിൽസ്ഥാപനങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിലും തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗബാധകൾ തടയുന്നതിലും തൊഴിലുടമകളുടെ ഉത്തരവാദിത്വം  ഏറെ വലുതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷിതത്വത്തോടൊപ്പം പരിസരമലിനീകരണം ഒഴിവാക്കുന്നതിനും പരിസ്ഥിതിസൗഹൃദവ്യവസായാന്തരീക്ഷം സംജാതമാക്കുന്നതിനും മുൻഗണന നൽകണം. ഗ്രീൻ കാമ്പസ് എന്ന ലക്ഷ്യം വ്യവസായശാലകളിലും പ്രായോഗികമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. യോഗത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി  സത്യജിത്  രാജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എസ്.ശ്രീകല, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി.അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ എൻ.ജെ.മുനീർ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാക്ടറീസ്  ആന്റ് ബോയിലേഴ്‌സ് ഡയറക്ടർ പി.പ്രമോദ് സ്വാഗതവും സീനിയർ ജോയിന്റ് ഡയറക്ടർ എസ്.മണി നന്ദിയും പറഞ്ഞു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെയും ഉൽപാദന പ്രക്രിയയുടെയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് അവാർഡ് നൽകിയത്.

Share
അഭിപ്രായം എഴുതാം