തിരുവനന്തപുരം ഫെബ്രുവരി 20: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചു. പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. ബസില്‍ 48 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

